ഒറ്റയാൻ ഷൂട്ടറല്ല, മുഴുവൻ സേവനവും വേണം; അഡ്വ. ഹസീനയുടെ ശക്തമായ നിലപാടിൽ കാട്ടുപന്നി വേട്ടയ്ക്ക് വഴിയൊരുങ്ങി; കൂരാച്ചുണ്ടിൽ വേട്ട ഉടൻ ആരംഭിക്കും
കാട്ടുപന്നിശല്യം: കൂരാച്ചുണ്ടിൽ പ്രതിരോധം ശക്തമാക്കാൻ തീരുമാനം; വേട്ട ഉടൻ ആരംഭിക്കും
കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയിൽ വൻ ഭീഷണിയായി മാറിയ കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണാൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
നാലാം വാർഡ് മെമ്പർ അഡ്വ. ഹസീന നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിഷയം ചർച്ച ചെയ്തത്. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുണ്ടെന്നും, ആ അധികാരം വിനിയോഗിക്കാൻ ഭരണസമിതി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്നും അഡ്വ. ഹസീന യോഗത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ കാട്ടുപന്നികളെ തുരത്താൻ എംപാനൽ ലിസ്റ്റിലുള്ള ഷൂട്ടർമാരുടെ സേവനം അപര്യാപ്തമാണെന്ന പരാതിയും ശക്തമാണ്. പുളിവയൽ സ്വദേശിയായ രാജേഷ് ചുവപ്പുങ്കൽ എന്ന ഷൂട്ടറെ മാത്രമാണ് നിലവിൽ പഞ്ചായത്തിലെ പതിനാല് വാർഡുകളിലെയും കർഷകർ ആശ്രയിക്കുന്നത്. ഒരാൾക്ക് മാത്രം പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും ഒരേസമയം സേവനം എത്തിക്കാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, എംപാനൽ ലിസ്റ്റിലുള്ള മുഴുവൻ ഷൂട്ടർമാരുടെയും സേവനം അടിയന്തരമായി ലഭ്യമാക്കി കാർഷിക വിളകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ ഹസീന ആവശ്യപ്പെട്ടു.
അഡ്വ. ഹസീന ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, കാട്ടുപന്നി ശല്യം നേരിടാൻ നടപടികൾ വേഗത്തിലാക്കാൻ ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എംപാനൽ ലിസ്റ്റിലുള്ള മറ്റ് ഷൂട്ടർമാരെക്കൂടി ഉൾപ്പെടുത്തി കാട്ടുപന്നി വേട്ട അടിയന്തരമായി ആരംഭിക്കുമെന്ന് ഭരണസമിതി അറിയിച്ചു. കൂരാച്ചുണ്ടിലെ കർഷകർക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Comments
Post a Comment