ഫോണുകൾ വലിച്ചെറിയും, വണ്ടി മാറ്റും; ഒടുവിൽ അമ്മയ്ക്ക് വിളിച്ച ഒരു കോൾ 'ഡാർക്ക് വെബ് ബിബിനെ' കുടുക്കി

 


പാലക്കാട്: ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് സ്ത്രീകളെ കെണിയില്‍ പെടുത്തുകയും, പിന്നീട് അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ മുഖ്യപ്രതിയും പങ്കാളിയും അറസ്റ്റിൽ. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ബിബിന്‍ ജോണ്‍സണ്‍ (30), ഇയാളുടെ ലിവിങ് ടുഗെദര്‍ പങ്കാളിയായ സൗമ്യ ദാസ് (41) എന്നിവരെയാണ് മൂന്ന് മാസം നീണ്ട രഹസ്യാന്വേഷണത്തിനൊടുവില്‍ പാലക്കാട് സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പ്രത്യേക അന്വേഷണസംഘം വളയുകയായിരുന്നു.

​പാലക്കാട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരളത്തിലുടനീളം ശൃംഖലയുള്ള വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ പരമാവധി മറച്ചുവെച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രതികളെ പിടികൂടാന്‍ സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് രംഗത്തിറങ്ങിയത്.

​കെണിയൊരുക്കിയത് 'മഹാലക്ഷ്മി ഫിനാന്‍സ്' വഴി

​സമൂഹമാധ്യമങ്ങളില്‍ 'മഹാലക്ഷ്മി ഫിനാന്‍സ്' എന്ന പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. കുറഞ്ഞ പലിശയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പിന്റെ രീതി ശാസ്ത്രം ഇങ്ങനെയായിരുന്നു.

വായ്പ അനുവദിക്കുന്നതിന് മുമ്പ് പ്രോസസിങ് ഫീസും ഇന്‍ഷുറന്‍സ് തുകയും അടയ്ക്കണമെന്ന് ആവശ്യപ്പെടും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ തുക നൽകാൻ കഴിയാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും മാനസികമായി സ്വാധീനിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്യും. സൗഹൃദം നടിച്ച് ഇവരുടെ സ്വകാര്യ ചിത്രങ്ങളും നഗ്‌നദൃശ്യങ്ങളും കൈക്കലാക്കും. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കും.

​പരാതിക്കാരിയായ പാലക്കാട് സ്വദേശിനിക്കും അഞ്ച് ലക്ഷം രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത ശേഷം 75,000 മുതല്‍ 95,000 രൂപ വരെ പ്രോസസിങ് ഫീസിനത്തിൽ ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ കഴിയാതെ വന്നതോടെ സഹായിക്കാമെന്ന് പറഞ്ഞ് ആത്മബന്ധം സ്ഥാപിച്ച ശേഷമാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്.

​'ഡാര്‍ക്ക് വെബ് ബിബിന്‍': അമ്പരപ്പിക്കുന്ന തട്ടിപ്പ് രീതികൾ

​സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊലീസിനെ വെട്ടിക്കുന്നതിൽ വിദഗ്ദ്ധനായ ബിബിന്‍ ജോണ്‍സണ്‍ ഓണ്‍ലൈന്‍ തട്ടിപ്പുലോകത്ത് 'ഡാര്‍ക്ക് വെബ് ബിബിന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. എ.ടി.എം. കവര്‍ച്ച, പിടിച്ചുപറി ഉള്‍പ്പെടെ ഏഴോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്.

​അന്വേഷണത്തിൽ പൊലീസിനെപ്പോലും അമ്പരപ്പിച്ചത് ഇവരുടെ ഒളിത്താവളങ്ങളും സാങ്കേതിക തന്ത്രങ്ങളുമായിരുന്നു:

ആരുടേതാണ് ഈ അക്കൗണ്ടുകൾ?പ്രതികൾ സ്വന്തം പേരിലുള്ള സിം കാര്‍ഡുകളോ ബാങ്ക് അക്കൗണ്ടുകളോ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. വഴിയോരക്കച്ചവടക്കാര്‍, ക്ഷേത്രപരിസരങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലുമുള്ള നിരാലംബരായ വയോധികർ എന്നിവരുമായി സൗഹൃദം സ്ഥാപിച്ച് ചെറിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയാണ് ഇവരുടെ രേഖകൾ സംഘടിപ്പിച്ചിരുന്നത്. വലിയ ചാരിറ്റി പദ്ധതിയിലേക്ക് സഹായം ലഭ്യമാക്കാനാണെന്ന് വിശ്വസിപ്പിച്ച് കൈക്കലാക്കുന്ന രേഖകൾ ഉപയോഗിച്ച് സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും എടുക്കുകയായിരുന്നു രീതി. കേസ് അന്വേഷിച്ചപ്പോൾ യഥാർത്ഥ ഉടമകൾ ഇതൊന്നും അറിഞ്ഞിട്ടുകൂടിയില്ലായിരുന്നു.


​ഒരു തട്ടിപ്പ് പൂര്‍ത്തിയായാല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ദൂരസ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യും. സ്ഥിരമായി ഒരു വീട്ടിൽ താമസിക്കാതെ വാടക വീടുകൾ മാറിമാറി ഉപയോഗിക്കുകയും, സഞ്ചരിക്കുന്ന വാഹനങ്ങൾ ഇടയ്ക്കിടെ മാറ്റുകയും ചെയ്തത് അന്വേഷണം സങ്കീർണ്ണമാക്കി.

​വഴിത്തിരിവായത് 'അമ്മയുടെ നമ്പർ'

​പ്രതികൾ ഉപയോഗിച്ച ഒട്ടനവധി നമ്പറുകളുടെ കോള്‍ റെക്കോഡുകള്‍ (CDR) പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണ്ണായക സൂചന ലഭിക്കുന്നത്. എല്ലാ നമ്പറുകളിൽ നിന്നും സ്ഥിരമായി ഒരേയൊരു നമ്പറിലേക്ക് വിളികൾ പോയിരുന്നു. ഈ നമ്പറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ അത് ബിബിന്റെ അമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്.

​ഇതിനിടെ പ്രതികള്‍ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളി. തുടർന്ന് ഒളിവിൽ പോയ ഇവരെ ജില്ലാ പൊലീസ് മേധാവി അബ്ദുല്‍ റഷീദ് എ. ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പി.കെ. മണിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം വലയിലാക്കുകയായിരുന്നു. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ നിപുണ്‍ ശങ്കര്‍ കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് പിന്നിൽ. അറസ്റ്റിലായ സൗമ്യ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് പൊലീസ് അറിയിച്ചു.

​തട്ടിപ്പ് കോടികളുടേത്; ജാഗ്രത വേണമെന്ന് പൊലീസ്

​കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രതികൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 50 ലക്ഷം രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് മറ്റൊരു വ്യക്തിയിൽ നിന്ന് മാത്രം 10 ലക്ഷം രൂപ പ്രോസസിങ് ഫീസായി തട്ടിയെടുത്തിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ കൂടാതെ തമിഴ്‌നാട്ടിലും സമാനമായ തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കോടികളുടെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരുമെന്ന് സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു.

പൊതുജനങ്ങൾക്ക് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്:

ഓണ്‍ലൈന്‍ വായ്പാ പരസ്യങ്ങളില്‍ വിശ്വസിക്കുന്നതിന് മുമ്പ് ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും ഉറപ്പാക്കണം. യാതൊരു കാരണവശാലും അപരിചിതർക്ക് വ്യക്തിഗത വിവരങ്ങളോ സ്വകാര്യ ചിത്രങ്ങളോ കൈമാറരുത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി