ലോഡ്‌ജിന് സമീപത്തെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം; വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
മഹാബലേശ്വർ: വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിന് സമീപത്തെ ഭോസെ ഗ്രാമത്തിൽ, ലോഡ്ജിന് സമീപത്തെ വീടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് പൂണെ സ്വദേശിയായ യുവാവിനെ നാലംഗസംഘം മർദിച്ചുകൊന്നു. പൂണെ സ്വദേശി അക്ഷയ് ജാദവാണ് ക്രൂരമായ മർദനത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ:
പൂണെയിൽ നിന്ന് അക്ഷയ് ജാദവും അഞ്ച് സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘം വിനോദയാത്രയുടെ ഭാഗമായി മഹാബലേശ്വറിലെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഭോസെയിലെ ഒരു ലോഡ്ജിൽ ഇവർ താമസത്തിനായി മുറിയെടുത്തു. മദ്യലഹരിയിലായിരുന്ന അക്ഷയ് ജാദവിനെ മുറിയിലാക്കി, പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം സുഹൃത്തുക്കൾ ലോഡ്ജിന്റെ ടെറസിലേക്ക് പോവുകയായിരുന്നു.
എന്നാൽ, രാത്രി പത്തുമണിയോടെ സുഹൃത്തുക്കൾ മുറിയിൽ തിരിച്ചെത്തിയപ്പോൾ അക്ഷയ് അവിടെയുണ്ടായിരുന്നില്ല. പരിഭ്രാന്തരായ സുഹൃത്തുക്കൾ ലോഡ്ജിന് പരിസരങ്ങളിൽ നടത്തിയ തിരച്ചിലിനിടയിലാണ്, ലോഡ്ജിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയായി ആളുകൾ തടിച്ചുകൂടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവിടെയെത്തിയ സുഹൃത്തുക്കൾ, ഗുരുതരമായി പരിക്കേറ്റ നിലയിൽ അക്ഷയ് ജാദവിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ അക്ഷയ് മരണത്തിന് കീഴടങ്ങി.
പ്രതികൾ അറസ്റ്റിൽ:
സംഭവത്തിൽ സൂര്യകാന്ത് ഗോലെ, അവിനാശ് ഭോസ്ലെ, രാഹുൽ രാജ്പുരെ, അമോൽ വഡ്കർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ് ജാദവ് രാത്രി മദ്യലഹരിയിൽ പ്രതികളിൽ ഒരാളായ സൂര്യകാന്ത് ഗോലെയുടെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്നും, ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നുമാണ് പ്രതികളുടെ മൊഴി.
അതേസമയം, ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നിട്ടും അക്ഷയ് ജാദവ് എങ്ങനെ പുറത്തിറങ്ങി എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു

Comments
Post a Comment