ഗായിക എസ്. ജാനകി അന്തരിച്ചു; സംഗീത ലോകത്തിന് തീരാനഷ്ടം
മൈസൂരു: ഇന്ത്യൻ ചലച്ചിത്ര സംഗീതശാഖയിൽ പതിറ്റാണ്ടുകളോളം മാന്ത്രിക ശബ്ദം കൊണ്ട് വിസ്മയം തീർത്ത വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വസനസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഗീതയാത്രയുടെ തുടക്കം
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് എസ്. ജാനകി ജനിച്ചത്. മൂന്നാം വയസ്സിൽ തന്നെ സംഗീതത്തോടുള്ള അഭിരുചി പ്രകടിപ്പിച്ചിരുന്ന അവർ, പത്താം വയസ്സിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. പിന്നീട് സംഗീതത്തിൽ കൂടുതൽ അറിവ് തേടി മദ്രാസിലേക്ക് ചേക്കേറി. ആകാശവാണി ദേശീയതലത്തിൽ സംഘടിപ്പിച്ച ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.
ചലച്ചിത്ര സംഗീതത്തിലേക്ക്
1957-ൽ, തൻ്റെ 19-ാം വയസ്സിൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ട് സിനിമാ പിന്നണി ഗാനരംഗത്ത് ചുവടുവെച്ചു. തെലുങ്ക് ചിത്രമായ 'എം.എൽ.എ'-യിലെ അവസരം കൂടി ലഭിച്ചതോടെ സംഗീത ലോകത്ത് അവർ തൻ്റേതായ ഇടം കണ്ടെത്തി.
മലയാളത്തിൻ്റെ പ്രിയപ്പെട്ട ജാനകിയമ്മ
മലയാളിയല്ലാതിരുന്നിട്ടും മലയാള ഭാഷയിലെ ഗാനങ്ങൾ അസാമാന്യമായ ഭാവത്തോടും ഉച്ചാരണശുദ്ധിയോടും കൂടി പാടിയതാണ് ജാനകിയമ്മയെ മലയാളിക്ക് പ്രിയങ്കരിയാക്കിയത്. എം.എസ്. ബാബുരാജുമായുള്ള കൂട്ടുക്കെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റി. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
'തളിരിട്ട കിനാക്കൾ' (മൂടുപടം), 'വാസന്ത പഞ്ചമി നാളിൽ' (ഭാർഗ്ഗവീനിലയം), 'സൂര്യകാന്തീ..സൂര്യകാന്തീ' (കാട്ടുതുളസി), 'മനിമുകിലെ' (കടത്തുകാരൻ), 'കവിളത്ത് കണ്ണീർ കണ്ടു', 'താമരകുമ്പിളല്ലോ' (അന്വേഷിച്ചു കണ്ടെത്തിയില്ല), 'അവിടുന്നേൻ ഗാനം കേൾക്കാൻ', 'എൻ പ്രാണ നായകനെ' (പരീക്ഷ), 'കണ്ണിൽ കണ്ണിൽ' (ഡേഞ്ചർ ബിസ്‌കറ്റ്), 'താനേ തിരിഞ്ഞും മറിഞ്ഞും' (അമ്പലപ്രാവ്) തുടങ്ങി എണ്ണമറ്റ മധുരഗാനങ്ങൾ അവർ മലയാളത്തിന് സമ്മാനിച്ചു. തമിഴിൽ ഇളയരാജ-എസ്.പി. ബാലസുബ്രമണ്യം-എസ്. ജാനകി കൂട്ടുക്കെട്ട് വലിയ തരംഗമാണ് സൃഷ്ടിച്ചത്.
പുരസ്കാരങ്ങൾ
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മലയാളത്തിലേക്ക് ആദ്യമായി എത്തിച്ചത് എസ്. ജാനകിയാണ്. നാല് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും 11 തവണ കേരള സംസ്ഥാന പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. സംഗീത ലോകത്ത് മാധുര്യത്തിൻ്റെ പര്യായമായിരുന്ന ജാനകിയമ്മയുടെ വിയോഗം സിനിമാ-സംഗീത മേഖലയ്ക്ക് തീരാനഷ്ടമാണ്.

Comments
Post a Comment