അപകടമല്ല, കൊലപാതകം! പത്തൊൻപതുകാരിയുടെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഹൈക്കോടതിയിൽ ഹർജി
പുനലൂർ: കൊല്ലം പുനലൂർ വട്ടപ്പടയിൽ കഴിഞ്ഞ വർഷം നടന്ന പത്തൊൻപതുകാരിയുടെ മരണം വാഹനാപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും വെളിപ്പെടുത്തൽ. വട്ടപ്പട സ്വദേശി പവിത്ര രാജേഷിന്റെ (19) ദുരൂഹ മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.
കഴിഞ്ഞ വർഷം ജൂൺ 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബന്ധുവായ യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് പവിത്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്നായിരുന്നു പ്രാഥമിക വിവരം. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരണപ്പെടുകയായിരുന്നു.
സംഭവസമയത്ത് വിദേശത്തായിരുന്ന പവിത്രയുടെ അമ്മ സുലേഖ നാട്ട തിരിച്ചെത്തി നടത്തിയ അന്വേഷണത്തിലാണ് മരണത്തിലെ ദുരൂഹതകൾ പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ടുവെന്ന് പറയുന്ന ബൈക്കിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിരുന്നില്ലെന്നത് സംശയങ്ങൾക്കിടയാക്കി. കൂടാതെ, മെഡിക്കൽ കോളേജിൽ എത്തിച്ച സമയത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി വിവരങ്ങൾ ലഭിച്ചു.
ഇതിനിടെ, സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖയും പുറത്തുവന്നു. യുവാവിനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം പെൺകുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തുകയും, തുടർന്ന് റോഡിൽ ഉപേക്ഷിച്ച ശേഷം ബൈക്ക് മറിച്ച് ഇട്ട് അപകടമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളത്.
സംഭവത്തിൽ ലോക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിനെത്തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കേവലമായ അന്വേഷണമല്ല, മറിച്ച് സമഗ്രമായ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുലേഖ സർക്കാരിനും നിവേദനം നൽകിയിട്ടുണ്ട്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മകളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Comments
Post a Comment