ട്രാക്കിൽ യുവതിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണതെന്ന് നിഗമനം
അരൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആലപ്പുഴ തീരദേശ റെയിൽപാതയിൽ അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തിൽ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് അരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുൻപാണ് ഇതേ സ്ഥലത്തുവെച്ച് മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അബ്‌ദുൾ ഹമീദിന് (37) ഗുരുതരമായി പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വീണ്ടും സമാനമായ അപകടം ഇവിടെ ഉണ്ടാകുന്നത്.

Comments
Post a Comment