കുറ്റ്യാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കളിക്കാൻ പോയത് തിരിച്ചുവന്നില്ല; സ്കൂട്ടർ ബണ്ട് പരിസരത്ത്
വളയം: വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം ഇടിക്കുന്നുമ്മൽ താമസിക്കുന്ന ഗോപാലന്റെ മകൻ രഞ്ജിത്ത് (43) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് രഞ്ജിത്ത് വീട്ടിൽ നിന്ന് സ്കൂട്ടറിൽ ഇറങ്ങിയതെന്ന് ഭാര്യയും കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ സബിന പോലീസിനോട് പറഞ്ഞു.
പുലർച്ചെ 5:30-ഓടെ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം രഞ്ജിത്തിന്റെ സ്കൂട്ടർ (KL 19 6718) റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. സ്കൂട്ടറിൽ ഇദ്ദേഹം ഉപയോഗിച്ചിരുന്ന കുടയും ചെരുപ്പും ഉണ്ടായിരുന്നു. സംശയം തോന്നിയതിനെത്തുടർന്ന് രാവിലെ 8:30 മുതൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് രഞ്ജിത്തിന്റെ ബന്ധുവായ റോഷിലും ഇതേ പുഴയിൽ വീണ് മരിച്ചിരുന്നു എന്നത് നാട്ടുകാരെയും ബന്ധുക്കളെയും കൂടുതൽ ദുഃഖത്തിലാഴ്ത്തി. വളയം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments
Post a Comment