സർക്കാർ ജോലിക്കായി അമ്മയെ കൊന്ന കേസിൽ ട്വിസ്റ്റ്; ജോലി കിട്ടാൻ അച്ഛനേയും കൊന്നു; എൽഎൽബിക്കാരിയുടെ ക്രിമിനൽ ബുദ്ധി

 


ജയ്പൂർ: സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാൻ അമ്മയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് റോഡപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കേസിലെ പ്രതിയായ 23-കാരി ആയുഷി ശർമ, പിതാവിന്റെ മരണത്തിലും ദുരൂഹ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ആയുഷിയുടെ ക്രമിനൽ ബുദ്ധിക്ക് മുന്നിൽ സ്തംഭിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

കൊലപാതകം ജോലിക്കുവേണ്ടി

ജൂലൈ മൂന്നിന് പ്രതാപ് നഗറിൽ വെച്ചാണ് ആയുഷിയുടെ അമ്മ നീരജ് ശർമയെ അമിതവേഗതയിലെത്തിയ എസ്യുവി ഇടിച്ചുതെറിപ്പിച്ചത്. ഇത് വെറുമൊരു റോഡപകടമായി ചിത്രീകരിക്കാനായിരുന്നു ആയുഷിയുടെ ശ്രമം. എന്നാൽ, പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ അമ്മാവന്റെയും കസിൻ ബൽറാമിന്റെയും കൂട്ടുപിടിച്ച് ആയുഷി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് തെളിഞ്ഞു. പിതാവിന്റെ മരണശേഷം ആശ്രിത നിയമനത്തിലൂടെ നീരജ് ശർമയ്ക്ക് ലഭിച്ച രാജസ്ഥാൻ ഹൈക്കോടതിയിലെ ജോലി സ്വന്തമാക്കാനായിരുന്നു മകളുടെ ഈ കൊടും ക്രൂരത.

പിതാവിന്റെ മരണത്തിലും സംശയം

2025-ൽ മരിച്ച പിതാവ് വിജയ് ശർമയുടെ മരണവും സ്വാഭാവികമല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നീരജ് ശർമയുടെ സഹോദരൻ രാകേഷ് ശർമ ഇതുസംബന്ധിച്ച് പോലീസിലും കോടതിയിലും പരാതി നൽകി. രോഗബാധിതനായ പിതാവിനെ താൻ ശുശ്രൂഷിക്കാമെന്ന് പറഞ്ഞ് ആയുഷി കൊണ്ടുപോവുകയായിരുന്നു. ചികിത്സാ കാലയളവിൽ പിതാവിനെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. മൂന്നു മാസത്തിനുശേഷം പിതാവിന്റെ 90 ശതമാനം അവയവങ്ങളും തകരാറിലായതായി അറിയിക്കുകയും, അധികം വൈകാതെ അദ്ദേഹം മരണപ്പെടുകയുമായിരുന്നു. പിതാവിന്റെ സംസ്കാരം അതിവേഗം നടത്തിയ ആയുഷി, തൊട്ടുപിന്നാലെ ജോലിക്കായി അപേക്ഷിക്കാൻ നീക്കങ്ങൾ നടത്തിയിരുന്നതായും പരാതിയിലുണ്ട്.

തെളിവുകൾ നശിപ്പിച്ചത് നിയമ പരിജ്ഞാനം വെച്ച്

എൽഎൽബി അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷിക്ക് നിയമവശങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, പിതാവിന്റെ ഫീഡിങ് ട്യൂബ് മാറ്റിയാണ് കൊലപ്പെടുത്തിയതെന്ന് താൻ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായി ആയുഷി സമ്മതിച്ചു. തന്നെക്കാൾ കൂടുതൽ സ്നേഹം ഭിന്നശേഷിക്കാരനായ സഹോദരന് നൽകിയതിലുള്ള പകയാണ് അമ്മയോടുള്ള വെറുപ്പിന് കാരണമെന്നും ആയുഷി വെളിപ്പെടുത്തി.

അറസ്റ്റിൽ തുടരുന്ന നടപടികൾ

കേസുമായി ബന്ധപ്പെട്ട് ആയുഷി ഉൾപ്പെടെ ഏഴ് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന കസിൻ ബൽറാമിനായി അന്വേഷണം ഊർജ്ജിതമാക്കി. താൻ കൊല്ലപ്പെടുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ നീരജ് ശർമ, തനിക്ക് ഇനി രണ്ടു ദിവസത്തെ ആയുസ്സേയുള്ളൂ എന്ന് വാട്സാപ് സ്റ്റാറ്റസ് ഇട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി