പേരാമ്പ്ര ബി.ആർ.സി അധ്യാപികമാർക്ക് പിന്നാലെ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കൂടി വീണു; ഡെലിവറി ബോയ് വടകരയിൽ പോലീസിന്റെ വലയിൽ

 


വടകര: അധ്യാപികമാർ ഉൾപ്പെട്ട കോളിളക്കം സൃഷ്ടിച്ച എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായ യുവാവിനേ കൂടി പോലീസിന്റെ പിടിയിലായി. കണ്ണൂർ പേട്ട ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് വടകര പോലീസിന്റെ വലയിലായത്. ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വന്നിരുന്ന ഇയാളെ, കേസിൽ നിലവിൽ നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.

​ലഹരിമരുന്ന് ആവശ്യമുള്ള ആളുകളിൽ നിന്ന് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയും, തുടർന്ന് ഇവർക്ക് എം.ഡി.എം.എ എത്തിച്ചു നൽകുകയുമായിരുന്നു ജിജിലിന്റെ പ്രധാന രീതി എന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. വിവിധ അക്കൗണ്ടുകളിൽ നിന്നായി 99 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ജിജിലിന്റെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

​ലഹരിമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിനായി പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മൂന്ന് അധ്യാപികമാർക്ക് പിന്നാലെ നാലാമത്തെ അറസ്റ്റ്

​ഈ കേസിൽ രേഖപ്പെടുത്തുന്ന നാലാമത്തെ അറസ്റ്റാണിത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ ലഹരി ശൃംഖലയിലെ പ്രധാനികളായ കാവ്യ, നീഷ്‌മ എന്നിവരുമായി ജിജിലിന് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

​നേരത്തെ, പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ നീഷ്‌മയെ (അധ്യാപിക) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന പേരാമ്പ്ര ബി.ആർ.സിയിലെ മൂന്നാമത്തെ അധ്യാപികയാണിവർ.

​മരുതോങ്കര സ്വദേശിനി കീർത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നീ അധ്യാപികമാരെയാണ് കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ലഹരി കേസിൽ പ്രതികളായതിനെ തുടർന്ന് ഇവരെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തുടർന്ന് കീർത്തനയെയും കാവ്യയെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നീഷ്‌മയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. നീഷ്‌മയിൽ നിന്ന് ലഭിച്ച നിർണ്ണായക സൂചനകളാണ് ഒടുവിൽ ഡെലിവറി ബോയായ ജിജിൽ കുര്യാക്കോസിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

​സംഭവത്തിൽ കൂടുതൽ പ്രമുഖർക്ക് പങ്കുണ്ടോ എന്നും സാമ്പത്തിക ഇടപാടുകളുടെ ഉറവിടം ഏതാണെന്നും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി