വന്യമൃഗശല്യം: ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ അഡ്വ. ഹസീനയുടെ പോരാട്ടം; ശക്തമായ നിലപാടുമായി കൂരാച്ചുണ്ട് ഭരണസമിതി

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ വന്യമൃഗശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിലെ കാടുകൾ വെട്ടിത്തെളിക്കാത്തതിൽ പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ പ്രതിഷേധം. ഇതുസംബന്ധിച്ച് നാലാം വാർഡ് മെമ്പർ അഡ്വ. ഹസീന നൽകിയ കത്തുകളെ തുടർന്ന് ചേർന്ന ഭരണസമിതി യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്തു.

​പ്രദേശത്തെ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ വളർന്നുനിൽക്കുന്ന കാടുകളും, കാഴ്ച മറയ്ക്കുന്ന വൻമരങ്ങളും വന്യമൃഗങ്ങൾക്ക് സുരക്ഷിതമായ താവളമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരുപരിധിവരെ കാടുകൾ വെട്ടിത്തെളിച്ചിരുന്നുവെങ്കിലും, ഇതൊരു സ്ഥിരമായ പരിഹാരമല്ലെന്നും, കർഷകരുടെ ചുമതലയല്ല ഇതെന്നും യോഗം വിലയിരുത്തി.

​  ഇറിഗേഷൻ വകുപ്പിന്റെ ഭൂമി വൃത്തിയാക്കേണ്ട ഉത്തരവാദിത്തം വകുപ്പിന് തന്നെയാണെന്നും, എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടാകുന്നതെന്നും അഡ്വ. ഹസീന ചൂണ്ടിക്കാട്ടി. വകുപ്പ് അടിയന്തരമായി ഇടപെടാത്ത പക്ഷം, പഞ്ചായത്ത് മുൻകൈ എടുത്ത് കാടുകൾ വെട്ടിത്തെളിക്കുകയും അതിനായി വരുന്ന ചെലവ് ഇറിഗേഷൻ വകുപ്പിൽ നിന്ന് ഈടാക്കാനും ഭരണസമിതി തീരുമാനിച്ചു.

​ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് ഉടൻ തന്നെ ഇറിഗേഷൻ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകുമെന്ന്  വാർഡ് മെമ്പർ അഡ്വ ഹസീന അറിയിച്ചു. വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വാസം നൽകുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് ഭരണസമിതി ഉറപ്പുനൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി