പരിസ്ഥിതിലോല പ്രദേശം: ആശങ്കകൾക്ക് പരിഹാരം തേടി ഫാത്തിമ തഹ്‌ലിയ എം.എൽ.എയ്ക്ക് കിഫയുടെ നിവേദനം

 


ചക്കിട്ടപാറ: പരിസ്ഥിതിലോല പ്രദേശ (ESA) നിർണ്ണയവുമായി ബന്ധപ്പെട്ട് മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന ആശങ്കകൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). ഇതുസംബന്ധിച്ച നിവേദനം പേരാമ്പ്ര മണ്ഡലം എം.എൽ.എ ഫാത്തിമ തഹ്‌ലിയക്ക് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി കൈമാറി.

പ്രധാന ആവശ്യങ്ങൾ

മലയോര ജനതയുടെ ആശങ്കകൾ അക്കമിട്ട് നിരത്തിയാണ് കിഫ പ്രതിനിധികൾ നിവേദനം സമർപ്പിച്ചത്. പരിസ്ഥിതിലോല പ്രദേശങ്ങൾ അടയാളപ്പെടുത്തിയ കെ.എം.എൽ (KML) ഫയലുകൾ ജനങ്ങളുടെ അറിവിലേക്കായി സർക്കാർ ഉടൻ പ്രസിദ്ധീകരിക്കണം. വനമേഖലകളെ റെവന്യൂ വില്ലേജുകളിൽ നിന്ന് വേർതിരിച്ച് ഫോറെസ്റ്റ് വില്ലേജുകളായി പ്രഖ്യാപിക്കണമെന്നും, ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും ഇ.എസ്.എ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

ഉന്നയിക്കപ്പെട്ട ആശങ്കകൾ

പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കപ്പെടുന്നതോടെ തങ്ങളുടെ കൃഷിഭൂമിയിലും ജീവിതത്തിലും വരാനിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള കടുത്ത ആശങ്കയിലാണ് മലയോര കർഷകർ. ഈ സാഹചര്യത്തിലാണ് വിഷയം നിയമസഭയിൽ ഉൾപ്പെടെ ഉന്നയിക്കണമെന്ന ആവശ്യവുമായി കർഷക സംഘടന എം.എൽ.എയെ സമീപിച്ചത്.

​കിഫ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷെല്ലി തടത്തിൽ, ജോർജ് കുംബ്ളാനി, ജിന്റോ നിരണത്ത്, സിബി എട്ടിയിൽ, ജിമ്മി വല്ലയിൽ എന്നിവരടങ്ങുന്ന സംഘമാണ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കാമെന്നും പ്രശ്നപരിഹാരത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം.എൽ.എ ഉറപ്പുനൽകിയതായി കിഫ ഭാരവാഹികൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി