കുറ്റ്യാടി ചുരത്തിൽ ചോരയുറഞ്ഞ നിമിഷങ്ങൾ; ചോരാത്ത മനോധൈര്യവുമായി സുധീർ ; കുറ്റ്യാടി ചുരത്തിൽ ഭിത്തിയിലിടിച്ച് നിർത്തിയത് ജീവന്റെ 'പ്രിയദർശിനി
തൊട്ടിൽപ്പാലം / കുറ്റ്യാടി: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് കുറ്റ്യാടി ചുരത്തിൽ അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും സമാനതകളില്ലാത്ത മനോധൈര്യവും കാരണം വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ബുധനാഴ്ച രാവിലെ പത്തരയോടെ കുറ്റ്യാടി ചുരത്തിലെ എട്ടാം വളവിലായിരുന്നു നാടിനെ വിറപ്പിച്ച സംഭവം.
തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്റെ ബ്രേക്ക് പെട്ടെന്ന് പ്രവർത്തനരഹിതമാവുകയായിരുന്നു. ശേഷിയിലധികം ആളുകളുമായി ചുരം കയറുന്നതിനിടെ വാഹനത്തിന്റെ ജോയിന്റും എയർ പൈപ്പും പൊട്ടിയതാണ് ബ്രേക്ക് നഷ്ടപ്പെടാൻ കാരണമായത്.
തുടർന്ന് നിയന്ത്രണം വിട്ട ബസ് കുത്തനെയുള്ള ചുരത്തിലൂടെ പിന്നിലേക്ക് ഉരുണ്ടുനീങ്ങാൻ തുടങ്ങിയതോടെ യാത്രക്കാർ ഭയന്നലറി വിളിച്ചു. എന്നാൽ, പരിഭ്രാന്തനാകാതെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ കാണിച്ച മനസ്സാന്നിധ്യം രക്ഷകനായി. ബസ് താഴ്ചയിലേക്ക് പതിക്കാതിരിക്കാൻ പിൻഭാഗം സമർത്ഥമായി വലതുഭാഗത്തെ മലയോര ഭിത്തിയിലേക്ക് ഇടിപ്പിച്ചു നിർത്തുകയായിരുന്നു. സുധീറിന്റെ കൃത്യസമയത്തെ ഈ ഇടപെടൽ മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ കാത്തത്.
അപകടത്തെക്കുറിച്ച് യാത്രക്കാർ പറയുന്നത് ഇങ്ങനെ: കോഴിക്കോട്ടുനിന്ന് വന്ന കെ.എസ്.ആർ.ടി.സി. ബസ് രാവിലെ പത്തുമണിയോടെയാണ് ചുരം കയറാൻ തുടങ്ങിയത്. എന്നാൽ ചുരത്തിന് താഴെ പൂതംപാറയിൽ മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗണായി കിടപ്പുണ്ടായിരുന്നു. ഇതോടെ ആ ബസിലെ യാത്രക്കാരെക്കൂടി പ്രിയദർശിനി ബസിലേക്ക് കയറ്റുകയായിരുന്നു.
വാഹനത്തിൽ ആളുകൾ പരിധിയിൽ കൂടുതലാണെന്നും കുറച്ചുപേർ ഇറങ്ങിത്തരണമെന്നും ഡ്രൈവറും കണ്ടക്ടറും അഭ്യർത്ഥിച്ചെങ്കിലും പുറത്ത് കനത്ത മഴയായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് കുറച്ചുസമയം പൂതംപാറയിൽ നിർത്തിയിട്ട ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്. എന്നാൽ എട്ടാം വളവിലെത്തിയതോടെ അമിതഭാരം കാരണം ബസിന്റെ ഭാഗങ്ങൾ തകരുകയും അപകടത്തിൽപ്പെടുകയുമായിരുന്നു.
അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയച്ചു. ജീവൻ പണയം വെച്ചും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ഡ്രൈവർ എൻ.പി. സുധീറിന് നാട്ടുകാരും യാത്രക്കാരും അഭിനന്ദന പ്രവാഹ ചൊരിയുകയാണ്.

Comments
Post a Comment