കുളത്തുവയലിൽ മലിനജലം ഒഴുക്കാൻ ശ്രമം: വാഹനം തടഞ്ഞ് നാട്ടുകാർ; കടുത്ത നടപടിയുമായി ചക്കിട്ടപാറ പഞ്ചായത്ത്
ചക്കിട്ടപാറ: കുളത്തുവയൽ S.H. കോൺവന്റിന് സമീപമുള്ള കുടക്കൊല്ലി റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് മലിനജലം ഒഴുക്കിവിടാൻ ശ്രമിച്ച വാഹനം നാട്ടുകാർ ചേർന്ന് പിടികൂടി. പ്രദേശത്ത് ദുർഗന്ധം വമിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കാണപ്പെടുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി വാഹനം തടഞ്ഞുവെച്ചത്.
വാഹനം തടഞ്ഞുവെച്ചതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചക്കിട്ടപാറ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തുകയും, നിയമവിരുദ്ധമായി മാലിന്യം തള്ളാൻ ശ്രമിച്ചതിന് നടപടി സ്വീകരിച്ചു. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കർശന നിയമനടപടികളും വാഹനം കണ്ടുകെട്ടൽ അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Comments
Post a Comment