മാലിന്യക്കൂമ്പാരത്തിൽ തിളങ്ങിയ സത്യസന്ധത; ഗായത്രിക്ക് തിരികെ കിട്ടിയത് നഷ്ടപ്പെട്ട രണ്ട് പവന്റെ സ്വർണ്ണമാല

 


പത്തനാപുരം: നഷ്ടപ്പെട്ടെന്ന് കരുതി സങ്കടപ്പെട്ടിരുന്ന രണ്ട് പവന്റെ സ്വര്‍ണമാല മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പത്തനാപുരം മഞ്ചള്ളൂര്‍ 'ശ്രീരാഗ'ത്തില്‍ ആദര്‍ശ് - ഗായത്രി ദമ്പതികളും കുടുംബവും. തങ്ങളുടെ കുഞ്ഞ് ആദ്യ ആദര്‍ശിന്റെ മാലയാണ് മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായത്.

​മാല നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ പുറത്താരോടും പറഞ്ഞിരുന്നില്ല. എവിടെയോ വെച്ച് കൈമോശം വന്നതാകാം എന്ന നിഗമനത്തിലായിരുന്നു കുടുംബം. എന്നാല്‍ മാല വീടിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ എങ്ങനെയോ അകപ്പെടുകയായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

​കഴിഞ്ഞ ദിവസം പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എത്തിയിരുന്നു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയിലാണ് തിളങ്ങുന്ന ഒരു മാല ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധിച്ചപ്പോള്‍ അത് യഥാര്‍ത്ഥ സ്വര്‍ണമാലയാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടു. ഒട്ടും സമയം കളയാതെ തന്നെ മാലയുടെ ഉടമസ്ഥരായ ഗായത്രിയെയും കുടുംബത്തെയും ഇവര്‍ വിവരമറിയിക്കുകയായിരുന്നു. ഹരിതകര്‍മ്മ സേനാംഗങ്ങളായ വിജയമ്മ, സരസ്വതി എന്നിവരുടെ സത്യസന്ധതയാണ് ഇപ്പോള്‍ വലിയൊരു മാതൃകയായി മാറിയിരിക്കുന്നത്.

​തങ്ങളുടെ കുഞ്ഞിന്റെ നഷ്ടപ്പെട്ട മാല അപ്രതീക്ഷിതമായി തിരികെ കൈകളില്‍ കിട്ടിയപ്പോള്‍ ഗായത്രിയുടെയും കുടുംബത്തിന്റെയും സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ കുടുംബവും നാട്ടുകാരും ഒന്നടങ്കം അഭിനന്ദിച്ചു.

"കഷ്ടപ്പെടുന്നവര്‍ക്കേ പണത്തിന്റെ മൂല്യം അറിയൂ" എന്ന് വിജയമ്മയും സരസമ്മയും ഒരേ സ്വരത്തില്‍ പറയുമ്പോള്‍, പത്തനാപുരം മഞ്ചള്ളൂരിലെ ഈ ഹരിതകര്‍മ്മ സേനാംഗങ്ങളുടെ നിഷ്കളങ്കതയ്ക്കും സത്യസന്ധതയ്ക്കും ഏത് തങ്കത്തേക്കാളും തിളക്കമുണ്ടെന്നാണ് നാട്ടുകാര്‍ ഒരേസ്വരത്തില്‍ പറയുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി