വീട് പൂട്ടിയ നിലയിൽ, ഫോണുകൾ സ്വിച്ച് ഓഫ്; മൂന്നംഗ കുടുംബത്തെ കാണാതായിട്ട് അഞ്ച് ദിവസം, ദുരൂഹത
വാണിയംകുളം: പനയൂരിൽ നിന്നും മൂന്നംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. വാണിയംകുളം പനയൂർ കൃഷ്ണകൃപയിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. നാടിനെയാകെ വലിയ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പോലീസ് കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഈ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതായത്. സ്ഥിരമായി വീടിന് പുറത്തിറങ്ങാറുള്ള ഇവർ പെട്ടെന്ന് അപ്രത്യക്ഷരായതോടെയാണ് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചത്. ഇവരുടെ വീട് നാല് ദിവസമായി പൂർണ്ണമായും പൂട്ടിക്കിടക്കുന്ന നിലയിലാണ്. ഇവർ കോട്ടയത്തേക്ക് എന്തെങ്കിലും ആവശ്യത്തിന് പോയതായിരിക്കാം എന്നാണ് അയൽവാസികൾ ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയം തോന്നി ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത്.
കാണാതായ വ്യാഴാഴ്ച രാവിലെ മുതൽ മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ ഫോണുകളുടെ അവസാന ലൊക്കേഷൻ കാണിക്കുന്നത് ഇവരുടെ പനയൂരിലെ വീടിന്റെ പരിസരത്ത് തന്നെയാണ് എന്നത് സംഭവത്തിന്റെ ദുരൂഹത കൂടുതൽ വർദ്ധിപ്പിക്കുന്നു.
അതേസമയം, കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന ഒരു ബൊലേറോ വാഹനത്തിലാണ് ഇവർ വീട്ടിൽ നിന്നും യാത്ര തിരിച്ചത് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഈ ബൊലേറോ വാഹനത്തിൽ ഇവർ മൂന്ന് പേരും കൂടി യാത്ര പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ വിശദമായി പരിശോധിച്ചും വാഹനം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ് സംഘം. അന്വേഷണം ഊർജ്ജിതമാക്കിയതായി ഷൊർണൂർ പോലീസ് അറിയിച്ചു.

Comments
Post a Comment