സെൻസസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് നായയുടെ കടിയേറ്റു;
പേരാമ്പ്ര: സെൻസസ് വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കുന്നതിനിടെ കൂത്താളി ഗ്രാമപഞ്ചായത്ത് ജീവനക്കാരന് വളർത്തുനായയുടെ കടിയേറ്റു. കൂത്താളി പഞ്ചായത്ത് ഓഫീസ് അസിസ്റ്റന്റും പേരാമ്പ്ര മായാമാധവം സ്വദേശിയുമായ സജിത്ത് (39) നാണ് പരിക്കേറ്റത്.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്ത് സെൻസസ് വിവര ശേഖരണാർത്ഥം ഒരു വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ സജിത്തിനെ ലക്ഷ്യമാക്കി വളർത്തുനായ കുതിച്ചടുക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സജിത്തിന്റെ കൈക്കാണ് കടിയേറ്റത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഗൃഹനാഥൻ നായയെ പിടിച്ചുമാറ്റിയതിനാൽ വലിയൊരു അപകടം ഒഴിവായി.
പരിക്കേറ്റ സജിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർമാർ ഇദ്ദേഹത്തിന് പ്രതിരോധ കുത്തിവെപ്പുകൾ (വാക്സിനേഷൻ) നിർദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കയിൽ ജീവനക്കാർ
സെൻസസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കിടയിൽ ഈ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സെൻസസ് നടപടികൾക്കായി വീടുകൾ കയറിയിറങ്ങുന്ന ഉദ്യോഗസ്ഥർ ഇത്തരം സാഹചര്യങ്ങളിൽ കഷ്ടിച്ചാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
വളർത്തുനായകൾക്ക് പുറമെ തെരുവ് നായകളുടെ ശല്യവും, മലയോര മേഖലകളിൽ കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയും സെൻസസ് പ്രവർത്തകരെ അലട്ടുന്നുണ്ട്. രാത്രികാലങ്ങളിൽ പോലും വീടുകളിലെത്തി വിവരം ശേഖരിക്കേണ്ട അവസ്ഥയുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമാകുകയാണ്.

Comments
Post a Comment