നൊമ്പരമായി തീർത്ഥ; ബൈപ്പാസിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി
കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. തിക്കോടി തെക്കെ കൊല്ലന്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മരണം സംഭവിച്ചത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈപ്പാസിലെ മണമൽ ഭാഗത്തുവെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തീർത്ഥ സഞ്ചരിച്ചിരുന്ന KL 56 AA 3856 നമ്പർ മോട്ടോർസൈക്കിളും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. മോട്ടോർസൈക്കിളിന്റെ പുറകിൽ യാത്ര ചെയ്യുകയായിരുന്ന തീർത്ഥ അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും ഹൈവേ പൊലീസും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവിവരമറിഞ്ഞ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment