ഇനി ഒരിക്കലും കിട്ടില്ലെന്ന് കരുതി; പക്ഷേ, അതുല്യ മോളുടെ സത്യസന്ധതയിൽ ഗ്രീഷ്മയുടെ കണ്ണ് നിറഞ്ഞു
വൈപ്പിൻ: നഷ്ടപ്പെട്ടുപോയെന്ന് കരുതിയ നാല് പവൻ സ്വർണ്ണമാല തിരികെ ലഭിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അയ്യമ്പിള്ളി സ്വദേശിനി ഗ്രീഷ്മ. എന്നാൽ, ഈ മാല തിരികെ ലഭിക്കാൻ കാരണമായത് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അതുല്യ മോളുടെ നിഷ്കളങ്കമായ സത്യസന്ധതയാണ്.
കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ നാല് പവൻ വരുന്ന സ്വർണ്ണമാല കാണാതായത്. വീട്ടിലും പരിസരങ്ങളിലും ഏറെ തിരഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ മാല നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച് അവർ നിരാശയിലായിരുന്നു. എന്നാൽ, വിധി മറ്റൊന്നായിരുന്നു.
സ്കൂൾ കഴിഞ്ഞ് ട്യൂഷന് പോയി മടങ്ങുകയായിരുന്ന അതുല്യ മോളാണ് വഴിയിൽ ഇലകൾക്കിടയിൽ തിളങ്ങുന്ന നിലയിൽ മാല കിടക്കുന്നത് കണ്ടത്. അത് അതെടുത്ത് വീട്ടിലെത്തി പിതാവ് ലിജുവിനെ ഏൽപ്പിച്ചു. സംശയം തോന്നിയ ലിജു ഉടൻ തന്നെ മാലയുമായി മുനമ്പം പോലീസ് സ്റ്റേഷനിലെത്തി അധികൃതർക്ക് കൈമാറി.
ഈ വിവരം അറിഞ്ഞ ഗ്രീഷ്മ വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് മാല ഒരു ചെറിയ കുട്ടിക്ക് ലഭിച്ചതായും അത് മുനമ്പം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും അറിയുന്നത്. വിവരങ്ങൾ സ്ഥിരീകരിച്ച ഗ്രീഷ്മ സ്റ്റേഷനിലെത്തി മാല തന്റെതാണെന്ന് തെളിയിച്ചു.
തുടർന്ന് മാല ഉടമയായ ഗ്രീഷ്മയ്ക്ക് തിരികെ നൽകാനായി പോലീസ് സ്റ്റേഷനിലേക്ക് അതുല്യയെയും പിതാവിനെയും വിളിച്ചുവരുത്തി. അതുല്യ മോളുടെ കൈകൊണ്ട് തന്നെ മാല ഗ്രീഷ്മയ്ക്ക് തിരികെ നൽകി. മോളുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ അഭിനന്ദിച്ച പോലീസ് ഉദ്യോഗസ്ഥർ, സ്നേഹസമ്മാനങ്ങൾ നൽകിയാണ് അവരെ യാത്രയാക്കിയത്.

Comments
Post a Comment