കനത്ത മഴയിൽ വിറച്ച് മലയോര മേഖല; തലയാട് മതിൽ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു; വയലട യാത്രക്കാർക്ക് അതീവ ജാഗ്രതാ നിർദേശം
തലയാട്: പ്രദേശത്ത് പെയ്യുന്ന കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വയലട-തലയാട് റോഡിൽ ഗതാഗതം കുറച്ചു സമയം തടസ്സപ്പെട്ടു. തലയാട് മണിച്ചേരി മലയിൽ കണ്ണന്നൂർ കിഴക്കയിൽ ഗണേശന്റെ വീടിന്റെ ചുറ്റുമതിലാണ് മഴയുടെ ശക്തിയിൽ ഇടിഞ്ഞുവീണത്.
മതിൽ തകർന്നതിനെ തുടർന്ന് വൻതോതിൽ കല്ലും മണ്ണും താഴെയുള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ വാർഡ് മെമ്പർ സുനോജ് മോഹനന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയും, റോഡിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നതിനാലും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയെന്ന നിലയിൽ ഗണേശന്റെ കുടുംബത്തെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മുന്നറിയിപ്പുമായി അധികൃതർ
മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയലട ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. മഴക്കെടുതികൾ നേരിടാൻ പ്രാദേശിക തലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Comments
Post a Comment