ശാസ്ത്രമേളയിൽ വിസ്മയം തീർത്ത് കല്ലാനോട് സെന്റ് മേരീസ് വിദ്യാർഥികൾ; ഗവേഷണത്തിന് യൂത്ത് കോൺഗ്രസ് ആദരം
കൂരാച്ചുണ്ട്: രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന ദേശീയ ബാല വൈജ്ഞാനിക പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് നാടിന്റെ ആദരം. പരിസ്ഥിതി സൗഹൃദമായ കോഴിത്തൂവൽ ജൈവവള ഗവേഷണ പ്രോജക്റ്റിലൂടെ ദേശീയ തലത്തിൽ ശ്രദ്ധേയരായ റിച്ചാർഡ് ടി. നിക്സൺ, സാവിയോ ജോബിൻ എന്നിവരെ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
'കോഴിത്തൂവലിൽ നിന്ന് ഹരിത വികസനത്തിലേക്ക്' എന്ന വിഷയത്തിലാണ് വിദ്യാർഥികൾ ഗവേഷണം നടത്തിയത്. കോഴിത്തൂവൽ മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റി സുസ്ഥിര കൃഷിരീതിക്കും പരിസ്ഥിതി സംരക്ഷണത്തിനും നൽകാവുന്ന സംഭാവനകളെ മുൻനിർത്തിയായിരുന്നു പ്രോജക്റ്റ്. ഒരു വർഷം നീണ്ട കഠിനമായ പ്രയത്നത്തിനൊടുവിലാണ് ഈ മിടുക്കർ തങ്ങളുടെ ഗവേഷണം വിജയകരമായി പൂർത്തിയാക്കി ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ വിദ്യാർഥികൾക്കുള്ള ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ചെറിയാൻ ജോസ് അറയ്ക്കൽ, ഡാർളി പുല്ലംകുന്നേൽ, ബിന്ദു മോൾ തോമസ് കളപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗം സണ്ണി കാനാട്ട്, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ജോസ് വെളിയത്ത്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ ആശംസകൾ നേർന്നു. ജ്യോതിഷ് രാരപ്പൻകണ്ടി, ബെസ്‌ലിൻ മഠത്തിനാൽ, സരീഷ് ഹരിദാസ്, അജ്മൽ ചാലിടം തുടങ്ങിയവർ സംസാരിച്ചു.
ഈ വിദ്യാർത്ഥികളുടെ നേട്ടം കൂരാച്ചുണ്ടിന്റെ അഭിമാനമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തങ്ങളുടെ ഗവേഷണ മികവിലൂടെ പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയ പരിഹാരങ്ങൾ തേടാൻ കാണിച്ച ഇവർക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്.

Comments
Post a Comment