ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ ഒറ്റയ്ക്കാക്കാതിരിക്കാൻ കിണറ്റിലേക്ക് ചാടി ഭർത്താവ്
ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തില്‍ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയില്‍ വൈറലാകുന്നു
കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ഷാൻഡോങ് പ്രവിശ്യയിലെ ഡോങ്‌യിങ്ങില്‍ ജൂലൈ 15 നാണ് സംഭവം നടന്നത്. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്ത ദമ്പതികള്‍ താമസിക്കുന്ന പ്രദേശത്തിന് സമീപത്തെ പുല്‍മേടില്‍ വൈകുന്നേരം ചീവീടുകളെ പിടിക്കാനെത്തിയതായിരുന്നു. ഷാൻഡോങില്‍ വേനല്‍ക്കാലത്ത് ചീവീടുകളെ പിടിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നത് പഴക്കമുള്ള ഒരു പ്രാദേശിക ശീലമാണ്.
ചീവീടുകളെ തിരയുന്നതിനിടെ പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞുകിടന്ന കിണറ്റില്‍ ഭാര്യ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഏകദേശം അഞ്ച് മീറ്ററോളം ആഴമുള്ള കിണറ്റിലേക്കാണ് യുവതി വീണത്. അന്നേദിവസം പെയ്ത മഴയെ തുടർന്ന് നിലം വഴുക്കലായിരുന്നതും പ്രദേശത്ത് വെളിച്ചം കുറവായിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. വീഴ്ചയില്‍ യുവതിക്ക് പരിക്കേറ്റതോടെ കുഴിക്കുള്ളില്‍ നിന്ന് സ്വയം പുറത്തുകടക്കാൻ സാധിച്ചില്ല. ഭാര്യയുടെ അവസ്ഥ കണ്ട് ആശങ്കപ്പെട്ട ഭർത്താവ്, അവളെ ഒറ്റയ്ക്കാക്കാതെ കൂടെയിരിക്കാനായി കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും മൊബൈല്‍ ഫോണിലൂടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
അല്‍പസമയത്തിനകം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇരുണ്ടതും നനവുള്ളതുമായ കുഴിയില്‍ യുവതിയുടെ പരിക്ക് കാരണം രക്ഷാപ്രവർത്തനം വെല്ലുവിളിയായി. ഒരു അഗ്നിരക്ഷാസേനാംഗം കുഴിയിലേക്ക് ഇറങ്ങി യുവതിക്ക് സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചശേഷം മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്തേക്ക് ഉയർത്തി. തുടർന്ന് സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഭർത്താവും കുഴിയില്‍ നിന്ന് പുറത്തുകയറി. യുവതിക്ക് പരിക്കേറ്റിരുന്നെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഭർത്താവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. "അയാള്‍ക്ക് ഭാര്യയോട് അത്രയേറെ സ്നേഹമാണ്; വീണ്ടും പ്രണയത്തില്‍ വിശ്വസിക്കാൻ തോന്നുന്നു," എന്നാണ് ഒരാള്‍ പ്രതികരിച്ചത്. അതേസമയം, ഭർത്താവ് കുഴിയിലേക്ക് ചാടാതെ മുകളില്‍ നിന്ന് രക്ഷാപ്രവർത്തകർക്ക് സ്ഥലം കണ്ടെത്താൻ സഹായിച്ചിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനകരമായേനെയെന്ന് ചിലർ അഭിപ്രായപ്പെട്ടു. "ഇനി ഇവർ ചീവീടുകളെ പിടിക്കാൻ പോകുമോ?" എന്ന രസകരമായ ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയർന്നു.
വൈകുന്നേരങ്ങളില്‍ ചീവീടുകളെ പിടിക്കാൻ പോകുന്നവർ പുല്‍ക്കാടുകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന മലിനജല കുഴികള്‍, തുറന്ന കിണറുകള്‍, ആഴമേറിയ ചാലുകള്‍ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ഷാൻഡോങില്‍ ചീവീടുകളെ ഭക്ഷണമായി ഉപയോഗിക്കുന്നത് പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമാണ്. വറുത്തും ഗ്രില്‍ ചെയ്തും ചീവീടുകള്‍ തയ്യാറാക്കുന്ന പതിവുണ്ട്. ചില റെസ്റ്റോറന്റുകളില്‍ കേക്കുകളിലും ബർഗറുകളിലും പോലും ചീവീടുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഈ ഭക്ഷണശീലം ഏറെ ജനപ്രിയമായതിനാല്‍ "ഒരു ചീവീടിനും ഷാൻഡോങില്‍ നിന്ന് ജീവനോടെ പുറത്തുപോകാൻ കഴിയില്ല" എന്ന തമാശയും ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Comments
Post a Comment