മലയോര ടൂറിസത്തിന് പുതിയ പ്രതീക്ഷ: നമ്പികുളത്ത് പരിശോധനയുമായി എം.എൽ.എയും ഉദ്യോഗസ്ഥരും
കൂരാച്ചുണ്ട്: മലയോര മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്ന കൂരാച്ചുണ്ട് നമ്പികുളം ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് വി. ടി. സൂരജ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും വരുംഘട്ടങ്ങളിൽ പൂർത്തിയാക്കേണ്ട കാര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
സഞ്ചാരികൾക്കായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, വ്യൂ പോയിന്റുകൾ, സുരക്ഷാ സംവിധാനങ്ങൾ, റോഡ് വികസനം എന്നിവ എം.എൽ.എയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചു. നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായും ഗുണനിലവാരം ഉറപ്പാക്കിയും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എം.എൽ.എ നിർദ്ദേശം നൽകി.
നമ്പികുളത്തിന്റെ സ്വാഭാവിക പ്രകൃതിസൗന്ദര്യത്തിന് ആഘാതമേൽപ്പിക്കാത്ത രീതിയിലാണ് ഇക്കോ ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൂരാച്ചുണ്ടിന്റെയും സമീപ പ്രദേശങ്ങളുടെയും സാമ്പത്തിക വികസനത്തിനും പ്രാദേശിക ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കുമെന്ന് വി. ടി. സൂരജ് എം.എൽ.എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ, വാർഡ് മെമ്പർ ബിന്ദു ആനിക്കാട്ട്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വനംവകുപ്പ് അധികൃതർ, പ്രദേശവാസികൾ തുടങ്ങിയവരും സന്ദർശന വേളയിൽ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

Comments
Post a Comment