അർധരാത്രിയിലും പേരാമ്പ്രയിൽ അമർഷക്കടൽ;കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രക്ഷോഭം; മോദിയുടെ കോലം കത്തിച്ചു, അർധരാത്രിയിലും വഴിതടഞ്ഞു

 


പേരാമ്പ്ര: വിദ്യാഭ്യാസം വിൽപ്പനച്ചരക്കാക്കുന്ന കേന്ദ്ര നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധി എം.പി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ അർധരാത്രിയിലും വിദ്യാർത്ഥി - യുവജന പ്രതിഷേധമിരമ്പി. കെ.എസ്.യു - യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പേരാമ്പ്ര ടൗണിൽ വമ്പൻ പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കലും സംസ്ഥാന പാത ഉപരോധവും സംഘടിപ്പിച്ചു.

  ​   രാത്രി വൈകി ടൗണിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ കേന്ദ്ര സർക്കാരിനും പൊലീസ് കാടത്തത്തിനുമെതിരെ രോഷാകുലരായി മുദ്രാവാക്യം വിളിച്ചു. തുടർന്ന് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ പൊലീസിനെ വിട്ട് അടിച്ചമർത്താമെന്നത് മോദി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും, ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനും കച്ചവടമാക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അർജുൻ കറ്റയാട്ട് പറഞ്ഞു.

​യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അഭിമന്യു എസ്., കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അമിത് മനോജ് എന്നിവർ സംസാരിച്ചു.

​പ്രതിഷേധ പരിപാടികൾക്ക് യുവജന നേതാക്കളായ ജിഷ്ണു കടിയങ്ങാട്, ഷാഹിം, സുമിത് കടിയങ്ങാട്, ആദർശ് രാവറ്റമംഗലം, നിധിൻ വിളയാട്ടൂർ, അഭിൻലാൽ, അനുരാഗ് കെ.കെ., ജെയിൻ ജോൺ, ഷാഫി, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തിയാണ് ഒടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി