അർദ്ധരാത്രിയിലെ അതിഥി: കരി ഓയിലും മുഖംമൂടിയും ; പോലീസിനെ മുൾമുനയിൽ നിർത്തിയ 'ബ്ലാക്ക് മാൻ വിഷ്ണു പിടിയിൽ'
എറണാകുളം : 10 വർഷം മുൻപ്.. കൃത്യമായി പറഞ്ഞാൽ 2016 സമയത്ത് സൂര്യനസ്തമിച്ച് നാട് മുഴുവൻ നിബിഡമായ ഇരുട്ടിലേക്ക് വീഴുമ്പോഴാണ് ആ 'രാക്ഷസൻ' ഉണരുന്നത്. എല്ലാവരും ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീഴുന്ന ആ അർദ്ധരാത്രി സമയങ്ങളിൽ, മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും ഗ്രാമവീഥികളിലൂടെ ഒരു നിശ്ശബ്ദ വായു പോലെ അവൻ നീങ്ങിയിരുന്നു.
ഒരു നാടിനെയാകെ മാസങ്ങളോളം, രാത്രികാലങ്ങളിൽ വീടുകളിൽ ലൈറ്റണച്ച് സമാധാനത്തോടെ ഉറങ്ങാൻ പോലും സമ്മതിക്കാതെ ഭീതിയുടെ മുനയിൽ നിർത്തിയ ആ ഇരുട്ടിൻ്റെ കഥ വെറുമൊരു കഥയായിരുന്നില്ല.
രാത്രിയുടെ ആഴങ്ങളിൽ, ആരും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറും. ദേഹമാസകലം കരി ഓയിൽ പോലെയുള്ള കറുത്ത ചായം പൂശി, മുഖത്ത് ഭീതിജനകമായ മുഖംമൂടിയും ധരിച്ചാണ് അവതരിക്കുന്നത്.
പാതിരാത്രിയിൽ പെട്ടെന്ന് ഞെട്ടിയുണർന്ന് കണ്ണുതുറക്കുമ്പോൾ, ഇരുട്ടിന്റെ മങ്ങിയ വെളിച്ചത്തിൽ ഇങ്ങനെയൊരു വികൃതരൂപം തൊട്ടുമുന്നിൽ നിൽക്കുന്നത് കണ്ടാൽ ആരായാലും പേടിക്കും.. അതായിരുന്നു നാടിനെ വിറപ്പിച്ച ബ്ലാക്ക് മാൻ്റെ ശക്തി. ചോര മരവിച്ചുപോകുന്ന ആ കാഴ്ച ആരെയും ഭയത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ പോന്നതായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ആയിരുന്നു കൂടുതൽ പേടിപ്പിച്ചിരുന്നത്. വീടുകളിലേക്ക് ഒളിച്ചു കടന്നിരുന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെയും പിഞ്ചുകുട്ടികളെയും ആ ഇരുട്ടിൽ വെച്ച് ഭയപ്പെടുത്തുകയായിരുന്നു വിനോദം. ആ കരിനിഴലിനെ പെട്ടെന്ന് കണ്ട് ഭയന്ന് നിലവിളിച്ച്, പ്രാണരക്ഷാർത്ഥം ആളുകൾ വീടുവിട്ട് പുറത്തേക്ക് ഓടുമ്പോൾ അവൻ ആ ഇരുട്ടിൽ നിന്ന് അലറി ഭീകരത സൃഷ്ടിച്ചു. ആളുകൾ ഭയന്നോടുന്ന ആ തക്കത്തിനാണ് വീട്ടിലുള്ള വിലപിടിപ്പുള്ള സ്വർണ്ണവും പണവും മുഴുവൻ അവൻ കവർന്നിരുന്നത്. വഴിയിൽ വെച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്നതും അവന്റെ പതിവായിരുന്നു.
മോഷണം കഴിഞ്ഞാൽ ആ പാതിരാത്രിയിൽ ഒറ്റപ്പെട്ട റോഡുകളിലൂടെ അവൻ കാറ്റുപോലെ കാണാതെ പോകും. പുറകിൽ നിന്നും വശങ്ങളിൽ നിന്നും നോക്കിയാൽ ഏത് വണ്ടിയാണെന്ന് തിരിച്ചറിയാൻപോലുമാകാത്ത വണ്ണം രൂപമാറ്റം വരുത്തിയ രണ്ട് ബൈക്കുകളിലായിരുന്നു സഞ്ചാരം. ബ്ലാക്ക് മാൻ വേഷം കെട്ടി ഇറങ്ങിയ രാത്രികളിലെല്ലാം ആ നാട്ടിൽ ഒരു കവർച്ച ഉറപ്പായിരുന്നു എന്നത് ആണ് പോലീസിനെ കുഴപ്പിച്ചത്. അതുകൊണ്ടുതന്നെ അവനെ കണ്ടെത്തുക എന്നത് പോലീസിന് വലിയൊരു വെല്ലുവിളിയായി മാറി
തുമ്പൊന്നും അവശേഷിപ്പിക്കാതെ നാടിനെ നടുക്കിയ ആ അജ്ഞാത രൂപത്തെ പിടികൂടാൻ പോലീസ് കെണിയൊരുക്കി. ഒടുവിൽ, മൂവാറ്റുപുഴ പോലീസ് ആ മുഖംമൂടി വലിച്ചുകീറിയപ്പോൾ പുറത്തുവന്നത് നാടൊട്ടുക്കും ഭയന്ന ആ 'ബ്ലാക്ക് മാന്റെ' യഥാർത്ഥ മുഖമായിരുന്നു! പേര്: വിഷ്ണു (25 വയസ്സ്) സ്വദേശം: പെരുമ്പാവൂർ മറ്റ് പേരുകൾ: 'കണ്ണൻ', 'കുഞ്ഞിപ്പാമ്പ്' വിഷ്ണു ഒരു സാധാരണ കള്ളനായിരുന്നില്ല; മുൻപും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലായിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായ വിഷ്ണുവിനെ ഒടുവിൽ അതിസാഹസികമായി മൂവാറ്റുപുഴ പോലീസ് വലയിലാക്കിയതോടെയാണ് ആ നാട്ടുകാർക്ക് സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിഞ്ഞത്. അങ്ങനെ രാത്രി കാലങ്ങളിൽ കണ്ടിരുന്ന ബ്ലാക്ക് മാൻ എന്ന ഭീകര രൂപത്തിന്റെ അധ്യായം അവസാനിച്ചു.

Comments
Post a Comment