എടിഎം കൗണ്ടറിലെ ചില്ല് പാളി തകർന്ന് വീണ് ബാങ്ക് ജീവനക്കാരൻ മരിച്ചു
മംഗളൂരു: എടിഎം കൗണ്ടറിലെ ചില്ല് പാളി ദേഹത്തേക്ക് തകർന്നു വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ (56) ആണ് മംഗളൂരുവിലെ വെൻലോക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കർണാടക കോഓപ്പറേറ്റീവ് ബാങ്കിലെ അറ്റൻഡറായിരുന്നു അദ്ദേഹം.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. തൊട്ടടുത്തുള്ള എടിഎം കൗണ്ടറിൽ കയറിയ ബാലകൃഷ്ണൻ അപ്രതീക്ഷിതമായി കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ എടിഎം കൗണ്ടറിന്റെ ഭിത്തിയിലുണ്ടായിരുന്ന വലിയ ചില്ല് പാളി തകർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പതിച്ചു.
തകർന്ന ചില്ലിന്റെ കഷണങ്ങൾ ശരീരത്തിൽ ആഴത്തിൽ തറച്ചുകയറി അതിശക്തമായി രക്തം വാർന്നതാണ് മരണകാരണം. കൗണ്ടറിലേക്ക് തുടർന്ന് വന്നവരാണ് ഇദ്ദേഹത്തെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മംഗളൂരുവിലെ വെൻലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മംഗളൂരുവിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ ആഴ്ചയിലൊരിക്കലാണ് നാട്ടിൽ എത്താറുള്ളത്. സംഭവത്തിൽ മംഗളൂരു സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ ഭാരതിയും മകൾ ശ്രദ്ധയുമാണ്. ബാലകൃഷ്ണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും ബന്ധുക്കളും.

Comments
Post a Comment