പത്താം ക്ലാസ് തോറ്റ മേസ്തിരിപ്പണിക്കാരൻ; യൂട്യൂബ് കണ്ട പഠിച്ച വൻ കവർച്ച, ഒടുവിൽ ശ്മശാനത്തിൽ തീർന്ന 'സ്വർണ്ണസ്വപ്നം
വെല്ലൂർ: പോലീസിനെ മൂക്കിൽ പല്ലാഞ്ചികൊണ്ട് തമിഴ്‌നാട്ടിലെ വെല്ലൂർ കട്പാടി റോഡിലുള്ള ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന 17 കിലോഗ്രാം സ്വർണ്ണ-വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ വില്ലൻ അറസ്റ്റിൽ. വെല്ലൂർ കുച്ചിപ്പാളയം സ്വദേശിയായ പത്താം ക്ലാസ് തോറ്റ 22-കാരൻ ടിക്കാരാമനാണ് മോഷണം കഴിഞ്ഞ് അഞ്ചാം ദിവസം പോലീസ് വലയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ മുഴുവൻ ഒടുക്കത്തൂരിലെ ഒരു ശ്മശാനത്തിൽ നിന്ന് പോലീസ് വീണ്ടെടുത്തു.
കവർച്ചയും സ്ട്രോങ് റൂം കാലിയാക്കലും
2021 ഡിസംബർ 15-ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ചാ വിവരം ആദ്യം അറിയുന്നത്. ഷെൽഫുകളും സ്ട്രോങ് റൂമും പൂർണ്ണമായും കാലിയാക്കപ്പെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെല്ലൂർ പോലീസും വിദഗ്ധരും അമ്പരന്നു. വൻമതിൽ തുരന്ന് നടന്ന കവർച്ചയിൽ യാതൊരുവിധ തെളിവുകളും മോഷ്ടാവ് അവശേഷിപ്പിച്ചിരുന്നില്ല.
തുടർന്ന് വെല്ലൂർ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ 8 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുകയും നഗരത്തിലെ ഇരുനൂറോളം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
6 മാസത്തെ പ്ലാനിംഗും ‘യൂട്യൂബ് പഠനവും’
മുൻപ് ചെറിയ മോഷണക്കേസുകളിൽ കുടുങ്ങിയിട്ടുള്ള ടിക്കാരാമൻ, ഒറ്റ മോഷണം കൊണ്ട് കോടീശ്വരനാകാൻ മാസങ്ങൾ നീണ്ട മാസ്റ്റർ പ്ലാനിംഗ് നടത്തുകയായിരുന്നു.
മുൻകരുതലുകൾ: തമിഴ്‌നാട്ടിൽ മുൻപ് നടന്ന പ്രശസ്തമായ ലളിത ജ്വല്ലറി മോഷണത്തെക്കുറിച്ച് പത്രങ്ങളിൽ നിന്നും യൂട്യൂബിൽ നിന്നും അവൻ വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ഫോൺ ഉപയോഗവും കൂട്ടാളികളുമാണ് പ്രതികൾ പിടിക്കപ്പെടാൻ കാരണമെന്ന് മനസിലാക്കിയ ടിക്കാരാമൻ, മോഷണത്തിന് മൂന്ന് മാസം മുൻപ് ഫോൺ ഉപേക്ഷിക്കുകയും ഒറ്റയ്ക്ക് ദൗത്യം നടപ്പിലാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഭിത്തി തുരക്കൽ: ഗ്യാസ് കട്ടർ ഉപയോഗവും ക്യാമറകളിൽ സ്പ്രേ പെയിന്റടിക്കുന്ന വിധവും യൂട്യൂബിലൂടെ പഠിച്ചെടുത്തു. മേസ്തിരി പണിക്കാരനായതിനാൽ ഭിത്തി തുരക്കുന്നതിൽ വൈദഗ്ധ്യമുണ്ടായിരുന്നു. മോഷണത്തിന് 10 ദിവസം മുൻപ് ജ്വല്ലറിയുടെ പിൻവശത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഒരടി വിസ്തീർണ്ണമുള്ള ദ്വാരം ഉണ്ടാക്കിത്തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു ഇത്.
സിംഹ മുഖമൂടിയണിഞ്ഞ് ദൗത്യം
ഡിസംബർ 14 അർദ്ധരാത്രിയോടെ സിംഹത്തിന്റെ മുഖമൂടിയും വിഗ്ഗും ജാക്കറ്റും ധരിച്ച് ദ്വാരത്തിലൂടെ അകത്തുകടന്ന പ്രതി, സ്പ്രേ പെയിന്റ് ഉപയോഗിച്ച് അകത്തെ 12 സിസിടിവി ക്യാമറകളുടെയും കാഴ്ച മറച്ചു. പുലർച്ചെ നാലുമണിവരെ നീണ്ട പരിശ്രമത്തിനൊടുവിൽ 17 കിലോ ആഭരണങ്ങൾ ബാഗിലാക്കി പുറത്തുകടന്നു.
മോഷണത്തിന് ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങളും മുഖമൂടിയും ഉപേക്ഷിച്ച അവൻ, ബാഗ് സമീപത്തെ പെയിന്റ് കടയ്ക്ക് മുന്നിൽ വെച്ച് തൊട്ടടുത്ത തട്ടുകടയിൽ നിന്ന് ചായ കുടിക്കുകയും ചെയ്തു! തുടർന്ന് സ്വന്തം ഗ്രാമത്തിലേക്ക് പോകാതെ ഒടുക്കത്തൂരിലേക്ക് ബസ് കയറി രക്ഷപ്പെടുകയായിരുന്നു.
പോലീസിന്റെ പൂട്ടിൽ:പ്രദേശവാസിയായ കുറ്റവാളിയാകാം ഇതിന് പിന്നിലെന്ന് പോലീസ് പ്രാഥമികമായി സംശയിച്ചു. മോഷണത്തിന് മുന്നോടിയായി നടത്തിയ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായ രീതിയിൽ കണ്ട യുവാവിന്റെ ചിത്രം പഴയ കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കിയതോടെയാണ് ടിക്കാരാമനിലേക്ക് അന്വേഷണമെത്തിയത്.
ഡിസംബർ 20-ന് ഒടുക്കത്തൂരിലെ ഒളിത്താവളത്തിൽ നിന്നും ടിക്കാരാമനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ആഭരണങ്ങൾ ശ്മശാനത്തിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് അവൻ സമ്മതിച്ചു. മുഴുവൻ തൊണ്ടിമുതലുകളും കണ്ടെടുത്ത പോലീസ് കേസിൽ ടിക്കാരാമന് മൂന്ന് വർഷത്തെ തടവുശിക്ഷ ഉറപ്പാക്കി.

Comments
Post a Comment