മണ്ണറിഞ്ഞവരെ ആദരിക്കാൻ കൂരാച്ചുണ്ട്: കർഷകദിനാഘോഷത്തിന് ഒരുങ്ങി പഞ്ചായത്തും കൃഷിഭവനും
കൂരാച്ചുണ്ട്: വരുന്ന ചിങ്ങം ഒന്നിന് കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി തീരുമാനിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കൃഷിമേഖലയിൽ വിശിഷ്ടസേവനം അനുഷ്ഠിച്ച വിവിധ വിഭാഗങ്ങളിലെ കർഷകരെ ആദരിക്കും.
മികച്ച സമ്മിശ്ര കർഷകൻ, പച്ചക്കറി കർഷകൻ, യുവകർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, ക്ഷീര കർഷകൻ, ജൈവകർഷകൻ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ മികച്ച കർഷകൻ, കുട്ടികർഷകൻ, ഇടവിള കർഷകൻ, മികച്ച കർഷക തൊഴിലാളി എന്നിവരെയാണ് ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുക.
ഇത്തവണ കർഷകർക്കായി പ്രത്യേക സ്മാരക അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച സമ്മിശ്ര കർഷകന് പതിനായിരം രൂപ അടങ്ങുന്ന അറക്കൽ ജോസഫ് സ്മാരക അവാർഡും, മികച്ച പച്ചക്കറി കർഷകന് മൂവായിരം രൂപയുടെ കളപ്പുരക്കൽ ഫ്രാൻസീസ് സ്മാരക അവാർഡും, മികച്ച യുവകർഷകന് ആയിരം രൂപയുടെ എൻ.എച്ച്. അലി സ്മാരക അവാർഡും സമ്മാനിക്കും.
അപേക്ഷ 5 മണി വരെ സ്വീകരിക്കും
അവാർഡുകൾക്കായി പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലെ കർഷകർ ഓഗസ്റ്റ് 5 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുൻപായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ആധാർ കാർഡിന്റെ പകർപ്പും കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചവരുടെ കൃഷിയിടങ്ങൾ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയ ശേഷമായിരിക്കും അർഹരായ വിജയികളെ തിരഞ്ഞെടുക്കുക.
സ്വാഗതസംഘം രൂപീകരിച്ചു
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാരായ സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ. കുഞ്ഞമ്മദ്, കൃഷി ഓഫീസർ രാജി പി.പി., കൃഷി അസിസ്റ്റന്റുമാരായ ടി.ബി. പ്രബിത, എം. ദൃശ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ. അമ്മദ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ടാനിഷ് ബഷീർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ജോസ് ചെരിയംപുറത്ത് എന്നിവർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

Comments
Post a Comment