ജീവന് ഭീഷണി; കൂരാച്ചുണ്ടിലെ വീട്ടമ്മയെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
കൂരാച്ചുണ്ട്: കടുത്ത വന്യമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്ന കൂരാച്ചുണ്ട് ഉൾപ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. അമ്പലംകുന്ന് കോളനിയിൽ താമസിക്കുന്ന ഗീത എന്ന സ്ത്രീ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
സുരക്ഷാ പ്രശ്നങ്ങൾ പരിഗണിക്കണം
സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ, ആരോഗ്യപ്രശ്നങ്ങൾ, ജീവന് തന്നെ ഭീഷണിയായ വന്യമൃഗശല്യം, ഉരുൾപൊട്ടൽ സാധ്യത എന്നിവ പരിഗണിച്ച് ഗീതയെ മുൻഗണനാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കാനാണ് ഉത്തരവ്. ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ട ഗീത, അടച്ചുറപ്പില്ലാത്ത തകർന്ന വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് ഇവർ കമ്മീഷനെ സമീപിച്ചത്.
തുടർ നടപടികൾക്ക് കർശന നിർദ്ദേശം
ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവരിൽ നിന്ന് കമ്മീഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഗീത താമസിക്കുന്ന 4.05 ആർ ഭൂമി ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതുമാണെന്ന് റിപ്പോർട്ടുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചക്കിട്ടപാറ കുളത്തൂർ എസ്റ്റേറ്റിലെ ഭൂമി ഗീത ആവശ്യപ്പെട്ടെങ്കിലും, നേരത്തെ പട്ടയം ലഭിച്ചവരുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
പരാതിക്കാരിയുടെ അർഹത പരിശോധിച്ച് പതിവധികാരിയായ ജില്ലാ കളക്ടർക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. കൊയിലാണ്ടി തഹസിൽദാർക്ക് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുമുണ്ട്. പരാതിക്കാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് വ്യക്തമാക്കിയ കമ്മീഷൻ, സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ കളക്ടർക്കും ജില്ലാ പട്ടികവർഗ വികസന ഓഫീസർക്കും കർശന നിർദ്ദേശം നൽകി.

Comments
Post a Comment