സെന്റ് തോമസ് ഹൈസ്കൂളിൽ സ്നേഹവിരുന്നൊരുക്കി പൂർവ്വവിദ്യാർഥികൾ; ജനപ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ പൂർവ്വവിദ്യാർഥി അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ, സ്കൂളിന്റെ അഭിമാനമായ ജനപ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയാണ് പൂർവ്വവിദ്യാർഥികൾ സ്‌നേഹാദരങ്ങളോടെ ആദരിച്ചത്.
സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പോളി കാരക്കട അധ്യക്ഷത വഹിച്ചു. ബാലുശേരി എം.എൽ.എ. വി.ടി. സൂരജ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ ആദരിക്കാൻ അസോസിയേഷൻ കാണിച്ച കരുതലിനെ അദ്ദേഹം അഭിനന്ദിച്ചു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ കുറുമ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന് പുറമെ, പൂർവ്വവിദ്യാർഥികളായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കടലാശേരി, വാർഡ് മെംബറും മുൻ വൈസ് പ്രസിഡണ്ടുമായ റസീന യൂസുഫ്, വാർഡ് മെംബർമാരായ ജലീൽ കുന്നുമ്പുറത്ത്, പ്രബീഷ് തളിയോത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും ഇതോടൊപ്പം നടന്നു.
സ്കൂൾ മാനേജർ ഫാ. വിൻസന്റ് കണ്ടത്തിൽ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ, അസോസിയേഷൻ കൺവീനർ ജോബി വാളിയമ്പ്ലാക്കൽ, ട്രഷറർ തമ്പാൻ തോമസ്, ഹെഡ്‌മാസ്റ്റർ ഷിബു മാത്യു, ജുൽന ഫാത്തിമ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സ്കൂൾ പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment