"അച്ഛൻ എവിടെയാണെന്ന് ആരോടും ചോദിക്കരുത്..." "ഞാൻ പോയാൽ അമ്മയെ നോക്കണം..."; മരണം തൊട്ടുമുന്നിൽ നിൽക്കെ പിഞ്ചുമകനോട് ആ അച്ഛന്റെ അവസാന യാത്രപറച്ചിൽ
കോഴിക്കോട്: അവസാന ശ്വാസത്തിനും മുൻപ്, പിച്ചവച്ചു തുടങ്ങിയിട്ടില്ലാത്ത സ്വന്തം ചോരയോട് ഒരു അച്ഛന് എന്തൊക്കെയാവും പറയാനുണ്ടാവുക? മരണനിഴൽ വീണുകിടക്കുന്ന ആശുപത്രിമുറിയിലെ നിശബ്ദതയെ ഭേദിച്ച്, ഒരു അച്ഛൻ തന്റെ പിഞ്ചുമകന് നൽകിയ അവസാന സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുകയാണ്.
അവസാനഘട്ട കാൻസറിനോട് പൊരുതി തോൽക്കുന്നതിന് തൊട്ടുമുൻപ്, താൻ ഇനി തിരികെ വരില്ലെന്ന തിരിച്ചറിവോടെ മന്ത്ര എന്ന തന്റെ പ്രിയപ്പെട്ട മകനെ അരികിലിരുത്തി ആ അച്ഛൻ നടത്തിയ സംഭാഷണം ഏതൊരാളുടെയും ഉള്ളുലയ്ക്കുന്നതാണ്.
മുഖത്ത് ഓക്സിജൻ മാസ്ക് ധരിച്ച്, മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോഴും കുഞ്ഞിന്റെ മനസ്സിൽ ഭയം വിതറാതിരിക്കാൻ അതിയായ വാത്സല്യത്തോടെയും ശാന്തതയോടെയുമാണ് ആ അച്ഛൻ സംസാരിക്കുന്നത്. തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്നറിയാതെ, അച്ഛന്റെ വാക്കുകൾ നിഷ്കളങ്കമായി കേട്ടിരിക്കുകയാണ് ആ കുഞ്ഞ്.
"മന്ത്രാ, ഞാൻ എങ്ങോട്ടെങ്കിലും പോയാൽ, പപ്പയെ ഒരു ദിവസം കാണാതായാൽ അച്ഛനെ ചോദിച്ച് കരയരുത്. നീ കരുത്തനാണ്. അമ്മ പറയുന്നതെല്ലാം കേൾക്കണം. കഷ്ടപ്പെടുത്തരുത്. അമ്മയെയും പെങ്ങന്മാരെയും നന്നായി നോക്കണം. അച്ഛൻ എവിടെയാണെന്ന് ആരോടും ചോദിക്കരുത്... എന്നെ എപ്പോഴെങ്കിലും ഓർമ വരുമ്പോൾ, ഞാൻ എപ്പോഴും നിന്റെ തൊട്ടടുത്തുതന്നെയുണ്ടാകും..."
താൻ എന്നെന്നേക്കുമായി വിടപറയുകയാണെന്ന സത്യം ആ കുഞ്ഞു മനസ്സിനെ മുറിവേൽപ്പിക്കാതിരിക്കാൻ, "ഞാൻ എങ്ങോട്ടെങ്കിലും പോയാൽ" എന്ന് മാത്രമാണ് ആ അച്ഛൻ മകനോട് പതറാത്ത ശബ്ദത്തിൽ പറഞ്ഞത്. താൻ ഇല്ലാത്ത ലോകത്ത് അമ്മയ്ക്കും സഹോദരിമാർക്കും കാവലാളാകാൻ തന്റെ കുഞ്ഞിനെ പ്രാപ്തനാക്കുകയായിരുന്നു ആ വാക്കുകൾ.
കണ്ണീരോടെയല്ലാതെ ഈ വിഡിയോ കണ്ടുതീർക്കാൻ കഴിയില്ലെന്ന് സോഷ്യൽ മീഡിയ ഒരേസ്വരം കുറിക്കുന്നു. താൻ വിടപറഞ്ഞാലും ആത്മാവുകൊണ്ട് എപ്പോഴും കൂടെയുണ്ടാകുമെന്ന അച്ഛന്റെ ഉറപ്പും, ഒന്നുമറിയാതെ കേട്ടിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയും വാക്കുകൾക്കതീതമായ വേദനയാണ് വായനക്കാരിലും കാണികളിലും പകരുന്നത്. നിരുപാധികമായ പിതൃസ്നേഹത്തിന്റെ ആഴം ലോകത്തിന് വീണ്ടും കാട്ടികൊടുക്കുകയാണ് ഈ വിരഹക്കാഴ്ച.

Comments
Post a Comment