രാത്രിയിൽ മീൻ വാങ്ങാൻ തിരക്ക്; സംശയം തോന്നിയ നാട്ടുകാർ ഇടപെട്ടു; കഞ്ചാവുമായി വ്യാപാരി എക്സൈസ് പിടിയിൽ
മാന്നാർ: മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. മാന്നാർ-മാവേലിക്കര റോഡിൽ കുറ്റിയിൽ ജങ്ഷന് സമീപം മീൻ വിൽപ്പന നടത്തിയിരുന്ന അസം സ്വദേശി ബിനോയ് ഡൈമാറി (34) ആണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചെങ്ങന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
പ്രവർത്തനം ഇങ്ങനെ
കുറ്റിയിൽ ജങ്ഷനിൽ പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു ഇയാളുടെ മീൻ വിൽപ്പന കേന്ദ്രം. പകൽ സമയങ്ങളിൽ മീൻ വിൽക്കുന്ന ഇയാൾ, രാത്രികാലങ്ങളിൽ മീൻ വാങ്ങാനെന്ന വ്യാജേന എത്തുന്നവർക്ക് കഞ്ചാവ് കൈമാറുന്നത് പതിവാക്കിയിരുന്നു. മത്സ്യം വാങ്ങാനെന്ന വ്യാജേന നിരവധിയാളുകൾ രാത്രിയിൽ ഇവിടെ തമ്പടിക്കുന്നത് നാട്ടുകാരിൽ സംശയമുണർത്തി. ഇതേത്തുടർന്ന് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് ആർ., താജുദ്ദീൻ, പ്രദീഷ് പി. നായർ, വിഷ്ണു വിജയൻ, ഡ്രൈവർ സന്ദീപ് കുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments
Post a Comment