ചക്കിട്ടപാറയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം: വളർത്തുനായ്ക്കളെ കാണാതാവുന്നു; പ്രദേശവാസികൾ കടുത്ത ഭീതിയിൽ
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ 15-ാം വാർഡിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിൽ. കൊളത്തുംതറ, വള്ളിപ്പറ്റ, പാറ്റയിൽ താഴെ എന്നീ പ്രദേശങ്ങളിലാണ് പുലിയുടേതെന്ന് സംശയിക്കാവുന്ന വിധത്തിലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
തുടർക്കഥയാകുന്ന ഭീതി
കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പകൽവെളിച്ചത്തിൽ തന്നെ ജീവിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു പിന്നാലെ, ഇന്നലെ പാറ്റയിൽ താഴെ ഭാഗത്തു വെച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും ജീവിയെ കാണാൻ ഇടയായി. വളർത്തുനായ്ക്കളെ വ്യാപകമായി കാണാതായതോടെ, ജീവി പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
അപകടസാധ്യത വർദ്ധിപ്പിച്ച് കാടുപിടിച്ച കൃഷിയിടങ്ങൾ
അവഗണന നേരിടുന്ന കൃഷിയിടങ്ങൾ കാടുപിടിച്ചു കിടക്കുന്നത് വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യമൊരുക്കുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവ അടിയന്തരമായി വെട്ടിമാറ്റി ശുചീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജനവാസമേഖലയോട് ചേർന്ന് വന്യമൃഗങ്ങൾ എത്തുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ.
നടപടികൾ വേഗത്തിലാക്കാൻ ആവശ്യം
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം, വാർഡ് മെമ്പർ സുജാത മനയ്ക്കൽ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. എങ്കിലും, ആശങ്കയൊഴിയാത്ത സാഹചര്യത്തിൽ പെരുവണ്ണാമുഴി വനംവകുപ്പ് അധികൃതർ പരിശോധന കൂടുതൽ ശക്തമാക്കണമെന്നും, രാത്രികാലങ്ങളിൽ പട്രോളിങ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ഏകസ്വരത്തിലുള്ള ആവശ്യം.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വനംവകുപ്പ് എത്രയും വേഗം കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. പ്രദേശത്ത് സന്ധ്യാസമയങ്ങൾക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments
Post a Comment