അവിഹിതബന്ധം ചോദ്യം ചെയ്തു; ഭാര്യയെ വനത്തിൽ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു; ഭർത്താവ് പിടിയിൽ
ബീദർ: അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഇരുപത്തിയാറുകാരിയായ ഭാര്യയെ കാറിൽ വനപ്രദേശത്തെത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ബീദർ സ്വദേശി ഭഗവതിനെയാണ് ധന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊന്നിക്കേരി സ്വദേശിനി സഞ്ജനയാണ് കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ:
ഭഗവതും അയൽവാസിയായ യുവതിയുമായുള്ള അവിഹിതബന്ധത്തെച്ചൊല്ലി സഞ്ജനയും ഭർത്താവും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന, സഞ്ജനയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് ഭഗവത് കാറിൽ കയറ്റുകയായിരുന്നു. യാത്രാമധ്യേ ബീദർ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ വനപ്രദേശത്ത് വാഹനം നിർത്തി. തുടർന്ന് കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് സഞ്ജനയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അപകടമെന്ന് വരുത്താൻ ശ്രമം:
മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ സഞ്ജനയെ, വാഹനാപകടത്തിൽപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ സഞ്ജന മരണപ്പെട്ടു. ശരീരത്തിലെ മുറിവുകളും പരിക്കുകളും വാഹനാപകടത്തിൽ ഉണ്ടായതല്ലെന്ന് ഡോക്ടർമാർക്ക് പെട്ടെന്നുതന്നെ സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമാവുകയായിരുന്നു.
ആശുപത്രി അധികൃതർ ഉടൻ തന്നെ ധന്നൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഭഗവതിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. രണ്ടു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments
Post a Comment