ഷൂസിനുള്ളിൽ പണം കടത്തി 62 ലക്ഷത്തിന്റെ തട്ടിപ്പ്: സൂപ്പർമാർക്കറ്റ് കവർച്ചക്കേസിൽ ജീവനക്കാരിയും കൂട്ടാളിയും പിടിയിൽ
കൊച്ചി: തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന ‘പിക്ക് ആൻഡ് സേവ്’ സൂപ്പർമാർക്കറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അപഹരിച്ച സംഭവത്തിൽ രണ്ടും ജീവനക്കാരെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന കരുവേലിപ്പടി സ്വദേശിനി സനമോൾ, മുൻ സഹപ്രവർത്തകനും തോപ്പുംപടി സ്വദേശിയുമായ രഞ്ജു എന്നിവരാണ് കേസിൽ പിടിയിലായത്.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 62 ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തതായാണ് പരാതി. വസ്ത്രങ്ങൾക്കുള്ളിലും ഷൂസിലും ഒളിപ്പിച്ചാണ് സനമോൾ സൂപ്പർമാർക്കറ്റിൽ നിന്ന് പണം പുറത്തെത്തിച്ചിരുന്നത്. ഇങ്ങനെ കടത്തുന്ന പണം പിന്നീട് കൂട്ടുപ്രതിയായ രഞ്ജുവിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഓഡിറ്റിങ്ങിൽ കുടുങ്ങി തട്ടിപ്പ്
സ്ഥാപനത്തിൽ അടുത്തിടെ നടന്ന വാർഷിക ഓഡിറ്റിങ്ങിനിടെയാണ് വലിയ തുകയുടെ കണക്കില്ലായ്മ വ്യക്തമായത്. തുടർന്ന് സ്ഥാപ ഉടമകൾ നടത്തിയ രഹസ്യ പരിശോധനയിൽ, സനമോൾ ഡ്യൂട്ടിയിലുള്ള ദിവസങ്ങളിൽ മാത്രമാണ് പണപ്പെട്ടിയിൽ ഇത്രയും വലിയ തുകയുടെ കുറവ് വരുന്നത് എന്ന് കണ്ടെത്തുകയായിരുന്നു. സംശയം ബലപ്പെട്ടതോടെ ഉടമകൾ തോപ്പുംപടി പോലീസിൽ പരാതി നൽകി.
നേപ്പാൾ വഴി സൈക്കിളിൽ മടക്കം; കൊച്ചിയിൽ വെച്ച് അറസ്റ്റ്
പോലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതോടെ ഒന്നാം പ്രതി സനമോൾ വിദേശത്തേക്ക് കടന്നു. ഇതേത്തുടർന്ന് പോലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി ഇവർക്കായി വലവിരിച്ചു.
വിദേശത്തുനിന്നും നേപ്പാളിലെത്തിയ സനമോളും രഞ്ജുവും അവിടെനിന്ന് സൈക്കിൾ മാർഗ്ഗമാണ് ഇന്ത്യയിലേക്ക് തിരികെ കടന്നത്. തുടർന്ന് രഹസ്യമായി കൊച്ചിയിലെത്തിയ ഇരുവരെയും തോപ്പുംപടി സബ് ഇൻസ്പെക്ടർ അനന്തു രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.
വളരെ ആസൂത്രിതമായി നടന്ന ഈ സാമ്പത്തിക തിരിമറിക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അപഹരിച്ച പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Comments
Post a Comment