മലയോരത്ത് എരിവേറ്റി കാന്താരി; വില 500 രൂപയും കടന്ന് കുതിക്കുന്നു!
കൂരാച്ചുണ്ട്: മലയോര വിപണിയിൽ കാന്താരി മുളകിന് പൊള്ളുന്ന വില. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോഗ്രാമിന് 200 മുതൽ 300 രൂപ വരെയായിരുന്ന സ്ഥാനത്ത്, ഇപ്പോൾ വില 500 രൂപയും കടന്ന് കുതിക്കുകയാണ്. റെക്കോർഡ് വിലയിലും വിപണിയിൽ കാന്താരിക്ക് ആവശ്യക്കാർ ഏറുകയാണ്.
ജനപ്രിയമായി മാറുന്ന 'കുഞ്ഞൻ സെലിബ്രിറ്റി'
ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും സ്വാഭാവികമായി വളർന്നിരുന്ന കാന്താരി, ഇന്ന് പാചകലോകത്തെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെ കാന്താരിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി, കാന്താരി ചിക്കൻ തുടങ്ങിയ വിഭവങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഡിമാൻഡ് ഉയരാൻ പ്രധാന കാരണം. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരിക്ക് കഴിയുമെന്ന ആരോഗ്യവിശ്വാസവും ആവശ്യക്കാരെ വർദ്ധിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വൻകിട മാളുകളിലും ഗുണനിലവാരമനുസരിച്ച് 500 രൂപയ്ക്കും മുകളിലാണ് ഇപ്പോൾ കാന്താരിയുടെ വില.
ഇടവിളയായി പ്രതീക്ഷയേകി കാന്താരി
മലയോര മേഖലകളിൽ റബ്ബർ, തെങ്ങ്, ഇഞ്ചി കൃഷികൾക്കിടയിൽ ഇടവിളയായി കാന്താരി കൃഷി ചെയ്യുന്നവർ കുറവാണെങ്കിലും, വീട്ടുവളപ്പുകളിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സ്വന്തം ആവശ്യങ്ങൾക്കും ചെറിയ സാമ്പത്തിക സഹായത്തിനുമായി വീട്ടമ്മമാരും ചെറുകിട കർഷകരും ഇപ്പോൾ ഇതിനെ ആശ്രയിക്കുന്നുണ്ട്.
നാടൻ പച്ചയ്ക്കാണു പ്രിയം
പച്ച, വെള്ള, നീല, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളിൽ കാന്താരി ലഭ്യമാണെങ്കിലും, വിപണിയിൽ ഇപ്പോഴും ഒന്നാമത് നാടൻ പച്ചക്കാന്താരി തന്നെയാണ്. കേരളത്തിന് പുറമേ തമിഴ്‌നാട്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും കാന്താരിയുടെ കൃഷി വ്യാപകമാകുന്നുണ്ട്. ഉത്പാദനത്തിലെ കുറവും ആവശ്യക്കാരിലെ വർദ്ധനവും കണക്കിലെടുക്കുമ്പോൾ, വരുംദിവസങ്ങളിലും കാർഷിക മേഖലയിൽ കാന്താരി കർഷകർക്ക് മികച്ച വരുമാനം നൽകുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.

Comments
Post a Comment