വിവാഹം കഴിഞ്ഞ് ഒന്നിച്ച് താമസിച്ചത് മൂന്നു മാസം മാത്രം ! തുടർന്ന് 17 വർഷം തളർന്നു കിടക്കയിൽ. ഒടുവിൽ സിനിയെ തന്നിച്ചാക്കി സന്തോഷ് വിട പറഞ്ഞു

 


അതിരമ്പുഴ: വിവാഹം കഴിഞ്ഞ് കേവലം മൂന്ന് മാസം മാത്രം തികഞ്ഞ വേളയിൽ വീണുകിട്ടിയ ദുരന്തമുഖത്ത് തളർന്നുപോകാതെ, 17 വർഷക്കാലം ഭർത്താവിന് തണലായി നിന്ന ഭാര്യ സിനിയെ കണ്ണീരോടെ സാക്ഷിയാക്കി സന്തോഷ് കുര്യൻ (42) വിടവാങ്ങി. മാറാമ്പിൽ തടത്തിൽ സന്തോഷ് കുര്യന്റെ സംസ്‌കാരം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ചടങ്ങുകളിൽ നാടൊന്നാകെ പങ്കുചേർന്ന് അന്തിമോപചാരമർപ്പിച്ചു.

​17 വർഷങ്ങൾക്ക് മുൻപ് തടിവെട്ടു ജോലിയിലായിരിക്കെ സംഭവിച്ച ദാരുണമായ അപകടമാണ് സന്തോഷിന്റെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മൂന്ന് മാസത്തോളം കോമയിലാവുകയും ചെയ്ത സന്തോഷ്, പിന്നീട് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു.

​  വിവാഹ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ എത്തിയ ഈ മഹാദുരന്തത്തിൽ പതറാതെ, സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമായ സിനി ഭർത്താവിന് തണലായി മാറുകയായിരുന്നു. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച്, ഒരുമിച്ച് ഒരു യാത്ര പോകാനോ മക്കളെ താലോലിച്ച് വളർത്താനോ ഉള്ള ഭാഗ്യം ലഭിക്കാതിരുന്നിട്ടും യാതൊരു പരാതിയുമില്ലാതെയാണ് നീണ്ട 17 വർഷം സിനി ഭർത്താവിനെ സ്നേഹത്തോടെ പരിചരിച്ചത്.

​ഭക്ഷണവും മരുന്നും കൃത്യമായി നൽകി, അരികിലിരുന്ന് ആശ്വസിപ്പിച്ച ആ കരുതലിലാണ് സന്തോഷ് തന്റെ വേദനകളെയെല്ലാം അതിജീവിച്ചത്. നിസ്സാര കാരണങ്ങളാൽ ബന്ധങ്ങൾ വേർപെടുന്ന ഇന്നത്തെ കാലത്ത്, സ്നേഹത്തിന്റെയും സഹനത്തിന്റെയും അർപ്പണബോധത്തിന്റെയും ഉന്നതമായ മാതൃകയായി സിനിയുടെ ജീവിതം മാറി.

​കഴിഞ്ഞദിവസം സന്തോഷിന്റെ വേർപാടോടെ ആ സ്നേഹപരിചരണങ്ങൾക്ക് തിരശ്ശീല വീണു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സന്തോഷിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകളിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. സന്തോഷിനെ യാത്രയാക്കുമ്പോഴും ഇനി തനിച്ചാകുന്ന സിനിയെ നിറകണ്ണുകളോടെയാണ് നാടൊന്നാകെ നോക്കിക്കണ്ടത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി