പെരുവണ്ണാമൂഴി - ചെമ്പനോട ഭാഗങ്ങളിൽ അണ്ടർഗ്രൗണ്ട് കേബിളിംഗ്: ₹1.50 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു
ചക്കിട്ടപാറ: മഴക്കാലത്തെ നിരന്തര വൈദ്യുതി തടസ്സങ്ങൾക്കും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികൾക്കും ശാശ്വത പരിഹാരമെന്ന നിലയിൽ, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി - ചെമ്പനോട പ്രദേശങ്ങളിൽ അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിക്കാനുള്ള നടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക്. പദ്ധതിക്കായി ₹1,50,50,000/- (ഒരു കോടി അമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ) ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ എസ്റ്റിമേറ്റ് റിപ്പോർട്ട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചു.
വന്യമൃഗ ശല്യവും ജീവനക്കാരുടെ സുരക്ഷയും
വനമേഖലയോട് ചേർന്നുനിൽക്കുന്ന ഈ പ്രദേശങ്ങളിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് ഓവർഹെഡ് ലൈനുകൾ തകരാറിലാകുന്നത് പതിവാണ്. കൂടാതെ വന്യമൃഗങ്ങളുടെ ശല്യം കാരണം രാത്രികാലങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തുന്ന ജീവനക്കാരുടെ ജീവനും വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് നിലവിലുള്ള 11 KV ഓവർഹെഡ് ലൈനുകൾ മാറ്റി അണ്ടർഗ്രൗണ്ട് കേബിളുകളാക്കാൻ തീരുമാനിച്ചത്.
മന്ത്രിതല ചർച്ച
നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി ബഹു. ശ്രീ സണ്ണി ജോസഫിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥല പരിശോധനയും എസ്റ്റിമേറ്റും പൂർത്തിയായത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബഹു. മന്ത്രിയെ നേരിൽ കണ്ട് പദ്ധതിയുടെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്തുകയും തുടർനടപടികൾ വേഗത്തിലാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (PWD), ജലസേചന വകുപ്പ് എന്നിവയുടെ ആവശ്യമായ അനുമതികൾ ലഭ്യമാക്കി പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments
Post a Comment