കളിക്കുന്നതിനിടെ ബാലൻസ് തെറ്റി ടെറസിൽ നിന്ന് താഴേക്ക് വീണു; പന്തളത്ത് 13-കാരന് ദാരുണാന്ത്യം
പന്തളം: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ടെറസിൽ നിന്ന് ബാലൻസ് തെറ്റി താഴേക്ക് വീണ് 13 വയസുകാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ വിനോദിന്റെ മകൻ അർജുൻ ആണ് മരണപ്പെട്ടത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 5.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സ്വന്തം വീടിന്റെ ടെറസിൽ സഹോദരിയോടൊപ്പം ഷട്ടിൽ കളിക്കുകയായിരുന്നു അർജുൻ. കളിക്കിടെ അപ്രതീക്ഷിതമായി കാൽ വഴുതി ബാലൻസ് തെറ്റിയ കുട്ടി ടെറസിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവിവരമറിഞ്ഞ് പന്തളം പോലീസ് സ്ഥലത്തെത്തി തുടനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. അർജുന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും വിദ്യാലയവും.

Comments
Post a Comment