പ്രവാസഭൂമിയിൽ ഭർത്താവ് ഭർത്താവ് മരിച്ചിട്ട് 11 വർഷം; ആനുകൂല്യങ്ങൾക്കായി ഈ അമ്മയുടെ കാത്തിരിപ്പിന്അറുതിയില്ലേ

 


പള്ളുരുത്തി: പ്രവാസഭൂമിയിൽ ഭർത്താവ് മരിച്ച് 11 വർഷം കഴിഞ്ഞിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ ഒരു വീട്ടമ്മയും നാല് മക്കളും പട്ടിണിയിലും ദുരിതത്തിലും കഴിയുന്നു. പള്ളുരുത്തി വി.എസ്. ഗോവിന്ദൻ റോഡിൽ താമസിക്കുന്ന രഹ്നയും മക്കളുമാണ് വാടക വീടിന്റെ നാലുചുവരുകൾക്കുള്ളിൽ കണ്ണീർക്കയത്തിൽ കഴിയുന്നത്. വാടക മുടങ്ങിയതിനെ തുടർന്ന് ഏതുനിമിഷവും തെരുവിലേക്ക് ഇറക്കിവിടപ്പെടാമെന്ന ഭീതിയിലാണ് ഈ കുടുംബം.

​കഴിഞ്ഞ അഞ്ച് ദിവസമായി ഈ വീട്ടിൽ വൈദ്യുതിയുമില്ല. ബിൽ തുക അടയ്ക്കാത്തതിനെ തുടർന്നാണ് കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിച്ചത്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഇരുട്ടിൽ കഴിയുന്ന രഹ്ന, സർക്കാരിന്റെയോ സുമനസ്സുകളുടെയോ കാരുണ്യം മാത്രമാണ് ഇനി പ്രതീക്ഷിക്കുന്നത്.

കടലിൽ പൊലിഞ്ഞ പ്രവാസസ്വപ്നം

​  വർഷങ്ങൾക്ക് മുമ്പ് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നത് 11 വർഷം മുമ്പാണ്. ദോഹയിലെ ഫോർമോസ്റ്റ് കമ്പനിയിൽ ട്രെയ്‌ലർ ഡ്രൈവറായിരുന്ന രഹ്നയുടെ ഭർത്താവ് ത്വാഹ അബ്ദുൽ അസീസ് ജോലിക്കിടെയുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന എക്സ്‌കവേറ്റർ കടലിലേക്ക് മറിഞ്ഞായിരുന്നു അപകടം.

​ഭർത്താവിന്റെ വിയോഗത്തോടെ നാല് മക്കളെയും കൊണ്ട് ജീവിതത്തോട് പൊരുതാൻ തുടങ്ങിയ രഹ്നയ്ക്ക് കമ്പനിയിൽ നിന്നോ ഖത്തർ സർക്കാരിൽ നിന്നോ യാതൊരുവിധ നഷ്ടപരിഹാരവും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ, ആനുകൂല്യങ്ങൾ തങ്ങളറിയാതെ ചില ബന്ധുക്കൾ തട്ടിയെടുത്തതായി രഹ്ന ആരോപിക്കുന്നു.

​ഇതിനിടെ ഭർതൃവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രഹ്ന രണ്ടാമത് വിവാഹം കഴിച്ചെങ്കിലും, ആദ്യ ഭർത്താവിന്റെ മരണാനന്തര ആനുകൂല്യ തുകയിൽ കണ്ണുവെച്ചെത്തിയ അയാൾ രണ്ട് പെൺമക്കൾ ജനിച്ചതിന് ശേഷം ഇവരെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഇതോടെ കുടുംബത്തിന്റെ ദുരിതം ഇരട്ടിയായി.

മുട്ടാത്ത വാതിലുകളില്ല; ബാക്കിയാകുന്നത് നിരാശ മാത്രം

​കഴിഞ്ഞ 11 വർഷമായി ഭർത്താവിന്റെ ആനുകൂല്യങ്ങൾക്കായി രഹ്ന കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഭർത്താവിന്റെ മരണാനന്തര ആനുകൂല്യമായ രണ്ടര ലക്ഷം രൂപയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ, ഫയലുകൾ 'ക്ലോസ് ചെയ്തുപോയി' എന്ന നിരാശാജനകമായ മറുപടിയാണ് ഇവർക്ക് ലഭിച്ചത്.

​രഹ്നയുടെ മൂത്ത രണ്ട് കുട്ടികൾ മികച്ച മാർക്കോടെയാണ് പ്ലസ് ടു വിജയിച്ചത്. എന്നാൽ ഉപരിപഠനത്തിന് ഫീസ് നൽകാൻ പോലുമില്ലാതെ ഇവരുടെ പഠനവും ഇപ്പോൾ പ്രതിസന്ധിയിലാണ്. ബന്ധുക്കൾ ആനുകൂല്യം തട്ടിയെടുത്തത് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെയെല്ലാം നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിട്ടും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

​വാടകയും കറന്റ് ബില്ലും അടയ്ക്കാൻ പോലുമാകാതെ, മക്കളുടെ പട്ടിണി മാറ്റാൻ വഴിയില്ലാതെ ഉരുകുന്ന രഹ്നയുടെ കുടുംബം തങ്ങളെ ഈ ദുരിതക്കയത്തിൽ നിന്ന് കരകയറ്റാൻ ആരെങ്കിലും കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് ജീവൻ നിലനിർത്തുന്നത്.

സഹായം അഭ്യർത്ഥിക്കുന്നു: ഈ നിർധന കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് പള്ളുരുത്തി വി.എസ്. ഗോവിന്ദൻ റോഡിലുള്ള രഹ്നയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി