പണിക്കാരന് ചായ കുടിക്കാൻ കൊടുത്ത 100 രൂപ; റോഷിയുടെ വിധി കുറിച്ച ആ 30 മിനിറ്റ്
കോതമംഗലം: നാടിനെ നടുക്കിയ കണ്ണാടിപ്പാറ റോഷി വധക്കേസിൽ 11 വർഷങ്ങൾക്ക് ശേഷം നിർണ്ണായക വഴിത്തിരിവ്. പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഒരുപോലെ വലച്ച അജ്ഞാത കൊലപാതകിയുടെ മുഖംമൂടി അഴിഞ്ഞുവീണപ്പോൾ, ക്രൂരമായ ആസൂത്രണത്തിന്റെ ചുരുളഴിയുകയാണ്. സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തവനായി അഭിനയിച്ച ഭർത്താവ്, മാതിരപ്പിള്ളി അക്ഷയ ടൂൾ റെന്റൽസ് ഉടമ ലിജുവിനെ (40) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃത്യമായ പ്ലാനിംഗിലൂടെയും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിക്കാത്തവിധം നടത്തിയ ആസൂത്രണത്തിലൂടെയും ഒരു പതിറ്റാണ്ടിലേറെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടന്ന പ്രതിയാണ് ഒടുവിൽ പിടിയിലായത്.
ആ അലാറം മുഴങ്ങിയത് 30 മിനിറ്റിനുള്ളിൽ
2012 ഓഗസ്റ്റ് 8-ന് രാവിലെ പത്തരയോടെയാണ് കോതമംഗലം മാതിരപ്പിള്ളിയെ ഞെട്ടിച്ച സംഭവം നടക്കുന്നത്. കണ്ണാടിപ്പാറയിലെ ലിജുവിന്റെ വീടിന്റെ മുകളിലത്തെ നിലയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സമയം. രാവിലെ പത്തുമണിയോടെ ലിജുവിന്റെ ഭാര്യ റോഷി (32), വീട്ടുപണിയിലുണ്ടായിരുന്ന തൊഴിലാളിക്ക് ചായ കുടിക്കാൻ 100 രൂപ നൽകി പുറത്തേക്ക് അയച്ചു.
അരമണിക്കൂറിന് ശേഷം ചായ കുടിച്ച് മടങ്ങിയെത്തിയ തൊഴിലാളി വീടിന്റെ മുൻവാതിൽ ചാരിയ നിലയിൽ കണ്ടു. അകത്തുകയറി മുകളിലേക്ക് പോകുന്നതിനിടെ വലതുവശത്തെ മുറിയിൽ കണ്ട കാഴ്ച അവനെ നടുക്കി—തറയിൽ വിരിച്ച പായയിൽ ചോരയിൽ കുളിച്ച നിലയിൽ റോഷിയുടെ മൃതദേഹം! ഭയന്നോടിയ തൊഴിലാളി നിലവിളിച്ചുകൊണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പരിസരവാസികൾ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ലിജു ഓട്ടോറിക്ഷയിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തു. ഭാര്യയുടെ മൃതദേഹം കണ്ട് തളർന്നുവീണ ലിജുവിനെ താങ്ങിപ്പിടിക്കാൻ അന്നാരും മടിച്ചില്ല; കാരണം അതൊരു പെർഫെക്റ്റ് അഭിനയമായിരുന്നു.
പോലീസിന്റെ അനാസ്ഥയും മാഞ്ഞുപോയ കാൽപ്പാടുകളും
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ലോക്കൽ പോലീസ് സ്ഥലത്തെത്തുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ കേസ് 'ആത്മഹത്യ'യായി തള്ളിക്കളയാനാണ് പോലീസ് ശ്രമിച്ചത്. എന്നാൽ കഴുത്തറുത്ത് മരിച്ച നിലയിലുള്ള ശരീരത്തിന് സമീപം ആയുധമൊന്നും ഉണ്ടാകാതിരുന്നത് നാട്ടുകാരിൽ വലിയ സംശയമുണർത്തി. സ്വയം കഴുത്തറുത്ത ശേഷം ആയുധം ഒളിപ്പിച്ച്, പായയിൽ കിടന്ന് പുതപ്പ് മൂടി മരിക്കുക എന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് അന്വേഷണം വഴിമാറിയത്.
എങ്കിലും തുടക്കത്തിലുണ്ടായ പോലീസ് അനാസ്ഥ കേസിനെ വലിയ തോതിൽ ബാധിച്ചു: സംഭവത്തിന്റെ മൂന്നാം ദിവസമാണ് ഫോറൻസിക് സംഘം തെളിവെടുപ്പിനെത്തിയത്. ഇതിനിടയിൽ പെയ്ത മഴയും തെളിവുകൾ നശിപ്പിച്ചു. കൊലയാളി മതിൽ ചാടിയിറങ്ങിയ വീടിന് പിൻവശത്തെ മണൽക്കൂനയിൽ കൃത്യമായ കാൽപ്പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാർ വാഴയില വെച്ച് സംരക്ഷിച്ച ഈ തെളിവ്, ഫോറൻസിക് സംഘം എത്താൻ വൈകിയതോടെ കാഴ്ചക്കാരായ വന്ന ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റ് പൂർണ്ണമായി മാഞ്ഞുപോയി.
വൈകിയെത്തിയ പോലീസ് നായയ്ക്ക് മഴ പെയ്തതിനാലും ആൾക്കൂട്ടം കയറിയിറങ്ങിയതിനാലും വ്യക്തമായ സൂചനകൾ കണ്ടെത്താനായില്ല.
പതിനൊന്ന് വർഷത്തെ അന്വേഷണവും നിഴൽനാടകങ്ങളും
ദമ്പതികൾ തമ്മിൽ അത്ര സുഖത്തിലല്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടക്കത്തിൽ ലോക്കൽ പോലീസ് ലിജുവിനെ ചോദ്യം ചെയ്യുകയും 18 ദിവസത്തോളം റിമാൻഡിലാക്കുകയും ചെയ്തിരുന്നു. പോളിഗ്രാഫ് പരിശോധനയിൽ ലിജു പരാജയപ്പെട്ടെങ്കിലും കൃത്യമായ ഭൗതിക തെളിവുകളോ കൊലപാതകത്തിന് ഉപയോഗിച്ച ആയുധമോ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, പോലീസ് പീഡനം ആരോപിച്ച് ലിജു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ ലോക്കൽ പോലീസിന്റെ അന്വേഷണം വഴിമുട്ടി.
പിന്നീട് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ സമ്മർദ്ദത്തെ തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തെങ്കിലും 2023 വരെ കേസ് തെളിയാത്ത ഒരു നിഗൂഢതയായി ശേഷിച്ചു.
ടൈൽ കട്ടർ തുറന്ന സത്യം
2023-ൽ ക്രൈംബ്രാഞ്ച് സംഘം കേസ് പുനഃപരിശോധിച്ചപ്പോഴാണ് നിർണ്ണായകമായ ഒരു വിവരം ലഭിക്കുന്നത്. കൊലപാതകത്തിന് ഏഴ് മാസം മുൻപ് കടയിലെ ഒരു ജീവനക്കാരനുമായി തർക്കമുണ്ടായപ്പോൾ ലിജു അയാളെ ആക്രമിക്കാൻ ശ്രമിച്ചത് ടൈൽ മുറിക്കുന്ന മൂർച്ചയുള്ള കട്ടർ ഉപയോഗിച്ചായിരുന്നു!
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ റോഷിയുടെ കഴുത്തിലുണ്ടായ 4 സെൻറീമീറ്റർ ആഴവും 6 സെൻറീമീറ്റർ നീളവുമുള്ള മുറിവിന്റെ പ്രത്യേകതകൾ വിശകലനം ചെയ്ത ക്രൈംബ്രാഞ്ച്, ഇതിന് ഉപയോഗിച്ചത് ഒരു ടൈൽ കട്ടർ ആയിരിക്കാമെന്ന സംശയത്തിൽ എത്തിച്ചേർന്നു. ലിജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ അന്വേഷണ സംഘം, ഈ കട്ടറിനെക്കുറിച്ച് ചോദ്യശരങ്ങൾ എയ്തതോടെ ലിജുവിന്റെ പ്രതിരോധം തകർന്നു.
കൊലപാതകത്തിന്റെ കാരണം: വഴിവിട്ട ബന്ധവും സ്വത്തും
മറ്റൊരു സ്ത്രീയുമായുള്ള വഴിവിട്ട ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ലിജു മൊഴി നൽകി. കടയിൽ നിന്നുള്ള വരുമാനം ഈ സ്ത്രീക്കായി ചെലവഴിക്കുന്നത് റോഷി ചോദ്യം ചെയ്തതാണ് ശത്രുതയ്ക്ക് കാരണം. ആ സ്ത്രീയോടൊപ്പം ജീവിക്കാനും സ്വത്തുക്കൾ റോഷിക്ക് നൽകുന്നത് ഒഴിവാക്കാനുമായിരുന്നു കൊലപാതകം.

Comments
Post a Comment