കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ; കൂരാച്ചുണ്ടിൽ എട്ടോളം കർഷകരുടെ കൃഷിയിടങ്ങൾ തകർത്തു; വി.ടി. സൂരജ് MLA ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഓട്ടപ്പാലം മണ്ടോപ്പാറ ഭാഗത്ത് കഴിഞ്ഞ ഇരുപത് ദിവസമായി ഭീതി വിതയ്ക്കുന്ന കാട്ടാനക്കൂട്ടം ഇന്ന് പുലർച്ചെയോടെ വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങി വ്യാപകമായ നാശനഷ്ടം വരുത്തി. പ്രദേശത്തെ എട്ടോളം കർഷകരുടെ കൃഷിയാണ് ആനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചത്.

​മേഖലയിലെ പ്രധാന ജീവനോപാധിയായ വാഴ, കൊക്കോ കൃഷികളാണ് ആനകൾ വ്യാപകമായി പിഴുതെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചത്. കൂടാതെ കർഷകരുടെ പറമ്പുകളിലെ ചക്ക, മാങ്ങ തുടങ്ങിയവയും ആനക്കൂട്ടം പറിച്ചു തിന്നുകയും ഉഴുതുമറിക്കുകയും ചെയ്തിട്ടുണ്ട്. ആഴ്ചകളായി തുടരുന്ന കാട്ടാനശല്യം കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറി ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന കാട്ടാനക്കൂട്ടം കുരാച്ചുണ്ടിൽ നാശം വിതയ്ക്കുന്നത് തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ ആനശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലർച്ചെ ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിൽ ഒട്ടേറെപ്പേരുടെ വീട്ടുമുറ്റത്ത് കാട്ടാന എത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ്. വന്യമൃഗ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണാൻ വനം വകുപ്പും സർക്കാരും ഇടപെടണമെന്നാണ് കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

​പട്രോളിങ് മുടങ്ങി; കാടുകയറി ജലസേചന വകുപ്പ് ഭൂമി

​വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗതയാണ് ആനശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെരുവണ്ണാമൂഴി റിസർവോയറിൽ വനം വകുപ്പ് പട്രോളിങ്ങിനായി ഉപയോഗിച്ചിരുന്ന ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ട് നാളുകളായി. നിലവിൽ പട്രോളിങ് നടത്താൻ മറ്റ് സൗകര്യങ്ങളില്ലാത്തതാണ് വനം വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്.

​ഇതിനുപുറമേ, പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കാത്തതും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കാരണമാകുന്നുണ്ട്. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമി കാടുപിടിച്ചു കിടക്കുന്നതും കാട്ടാനകൾക്ക് താവളമൊരുക്കുന്നു. ഈ കാടുകളിലാണ് പകൽ സമയങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത്.

​കൃഷിനാശം ലക്ഷക്കണക്കിന് രൂപയുടേത്

​മേഖലയിലെ പ്രമുഖ കർഷകരുടെയെല്ലാം കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കർഷകർക്ക് ഈ വന്യമൃഗ ശല്യം ഇരട്ടപ്രഹരമായി.

​ജോർജുകുട്ടി പാറേക്കുന്നേൽ, രാജു എട്ടിയിൽ, ഔസേപ്പച്ചൻ മലേപ്പറമ്പിൽ, കീരിക്കാട്ട് കുട്ടപ്പൻ, തോപ്പിൽ വേലു, ഒറ്റപ്ലാക്കൽ മൈക്കിൾ, മരോട്ടിക്കുഴി ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് പ്രധാനമായും ആനകൾ നാശനഷ്ടം വരുത്തിയത്.​ഇവരുടെ നൂറുകണക്കിന് ഏത്തവാഴകൾ, കപ്പ, മറ്റ് കിഴങ്ങുവിളകൾ എന്നിവയെല്ലാം കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു.

​എംഎൽഎ സ്ഥലം സന്ദർശിച്ചു; ജനങ്ങൾ പരാതി ബോധിപ്പിച്ചു

​പ്രദേശത്തെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ വി.ടി. സൂരജ് എംഎൽഎ സ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞ് ഒട്ടേറെ പ്രദേശവാസികൾ കൂട്ടമായെത്തി തങ്ങൾ അനുഭവിക്കുന്ന ഭീതിയും പ്രയാസങ്ങളും എംഎൽഎയെ ധരിപ്പിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ താൻ മുന്നിലുണ്ടാകുമെന്നും, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകി.

​പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മെമ്പർ പ്രബീഷ് തളിയോത്ത്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.കെ. അമ്മദ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. രാജീവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ഹമീദ്, ജെറിൻ കുര്യാക്കോസ്, ബെസ്ലിൻ മഠത്തിനാൽ, സോണി തേനംമാക്കൽ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

​വനം വകുപ്പിന്റെ ബോട്ടിന് അടിയന്തരമായി ഫിറ്റ്നസ് ലഭ്യമാക്കണമെന്നും, ആർആർടി (Rapid Response Team) സംഘത്തെ മേഖലയിൽ ക്യാമ്പ് ചെയ്യിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി