വളർത്തുനായകളുടെ കാവൽഭേദിച്ച് 'മരണമുഖത്തു' നിന്ന് യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് പോലീസ്
വിയ്യൂർ: വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ ആത്മഹത്യ സൂചന നൽകിയ യുവതിയെ, വളർത്തുനായകളുടെ കാവൽ മറികടന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി വിയ്യൂർ പോലീസ്. കൈഞരമ്പ് മുറിച്ച നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
യുവതിയുടെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച, ജീവിതം അവസാനിപ്പിക്കാൻ പോകുന്നു എന്ന സൂചനയുള്ള വാട്‌സ്ആപ്പ് സ്റ്റാറ്റസ് കാണാനിടയായ സുഹൃത്താണ് ഉടൻതന്നെ വിയ്യൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം യുവതിയുടെ വിലാസം കണ്ടെത്തുകയും സ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.
വീട്ടിലെത്തിയ പോലീസിന് മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അകത്ത് രണ്ട് വളർത്തുനായകൾ കാവൽ നിൽക്കുന്നതും പോലീസ് കണ്ടു. അകത്തേക്ക് കടക്കാൻ മറ്റ് വഴികളില്ലാത്ത അവസ്ഥ.
എന്നാൽ ഒട്ടും വൈകാതെ പോലീസുകാർ തന്ത്രപരമായ നീക്കം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീജിൻ നായകളുടെ ശ്രദ്ധ തിരിക്കുന്നതിനായി വീടിന്റെ മറ്റൊരു വശത്തേക്ക് ഓടുകയും, ആ സമയം മുതലെടുത്ത് സിവിൽ പോലീസ് ഓഫീസർ മതിൽ ചാടി അകത്ത് കടക്കുകയുമായിരുന്നു. നായ്ക്കളുടെ കണ്ണുവെട്ടിച്ച് വീടിനുള്ളിൽ കടന്ന ഉദ്യോഗസ്ഥൻ, കൈഞരമ്പ് മുറിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ അതിസാഹസികമായി പുറത്തെത്തിച്ചു.
ഉടനടി തന്നെ പോലീസ് സംഘം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് പോലീസിന്റെ ഇടപെടൽ ഉണ്ടായതിനാൽ മാത്രമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത് എന്ന് ഡോക്ടർമാർ അറിയിച്ചു. യുവതിയുടെ ജീവൻ രക്ഷിക്കാൻ കാണിച്ച പോലീസിന്റെ അവസരോചിതമായ ഇടപെടലിനെ പ്രദേശവാസികൾ ഏറെ അഭിനന്ദിച്ചു.

Comments
Post a Comment