ശരീരത്തിനും മനസ്സിനും കുളിർമയേകി ഉന്മേഷം, ശരീരത്തിന് കരുത്ത്; കൂരാച്ചുണ്ടിൽ യോഗാദിന നിറവ്
കൂരാച്ചുണ്ട്: ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉണർവും പകരുന്ന സന്ദേശവുമായി കൂരാച്ചുണ്ടിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വിപുലമായ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകരമായ ജീവിതശൈലിക്ക് യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്നും, ഇത്തരം പരിശീലനങ്ങൾ ജനപങ്കാളിത്തത്തോടെ തുടർന്നും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ ആശംസകൾ നേർന്നു. ഗവ. ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. അനു സി. മാത്യു, ഡോ. ഷാഹിദ എന്നിവർ ആരോഗ്യ പരിപാലനത്തിൽ യോഗയുടെ പങ്ക് വിശദീകരിച്ചു. യോഗ ഇൻസ്ട്രക്ടർ മനീഷ പി.കെ. പരിശീലനത്തിന് നേതൃത്വം നൽകി. യോഗ പരിശീലനത്തിലൂടെ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ആരോഗ്യപരമായ മാറ്റങ്ങൾ സ്റ്റാൻലി ജോസഫ്, ലിസമ്മ പുളിക്കൽ, ഫ്രാൻസിസ് മാളിയേക്കൽ, പ്രഭ, പുഷ്പ, ഷീബ എന്നിവർ പങ്കുവെച്ചു.
തുടർച്ചയായി യോഗ പരിശീലനം
2023-ൽ കൂരാച്ചുണ്ട് ഗവ. ആയുർവേദ ഡിസ്പൻസറിയിൽ ആരംഭിച്ച യോഗ പരിശീലന പദ്ധതിക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ യോഗ ഇൻസ്ട്രക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്. കൂടാതെ, സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേകം ബാച്ചുകളും നടത്തിവരുന്നുണ്ട്. പ്രദേശവാസികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment