മനസ്സാക്ഷിയുടെ കടം വീട്ടൽ; മീൻ വിൽപ്പനക്കാരന്റെ മകളുടെ വിവാഹവേദിയിലെ അപ്രതീക്ഷിത അതിഥി!
കൊണ്ടോട്ടി: മീൻ വിൽപ്പനയ്ക്കിടെ വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു ചെറിയ പിഴവ്. അന്ന് മനസ്സിൽ കയറിക്കൂടിയ കുറ്റബോധത്തിന് പരിഹാരമായി വർഷങ്ങൾക്കിപ്പുറം ആ അജ്ഞാതൻ എത്തിയത് മുഹമ്മദിന്റെ മകളുടെ വിവാഹവേദിയിൽ. പേരോ വിലാസമോ ഇല്ലാത്ത കവറിൽ 500 രൂപയും ഒരു കുറിപ്പുമായിരുന്നു ആ മാതൃകാപരമായ കടം വീട്ടൽ.
കൊണ്ടോട്ടിയിലെ ഓഡിറ്റോറിയത്തിൽ നടന്ന മുഹമ്മദിന്റെ മകളുടെ വിവാഹച്ചടങ്ങുകൾക്ക് ശേഷമാണ് സംഭവം. വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ച കവറുകൾ പരിശോധിക്കുന്നതിനിടെയാണ് യാതൊരു വിവരങ്ങളുമില്ലാത്ത ഒരു കവർ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആകാംക്ഷയോടെ അത് തുറന്ന മുഹമ്മദും കുടുംബവും അതിനുള്ളിൽ കണ്ടത് 500 രൂപയും ഒരു ചെറിയ കുറിപ്പുമാണ്.
''ഞാൻ ചെറുപ്പത്തിൽ അടുത്തുനിന്ന് മീൻ വാങ്ങിയിരുന്നു. അന്നത്തെ കാലത്ത് 50 രൂപയുടെ മീൻ വാങ്ങിയതിന് ഉപ്പ പണം നൽകിയിരുന്നെങ്കിലും ഞാൻ അത് നൽകിയിരുന്നില്ല. പൊരുത്തപ്പെടണം'' – ഇതായിരുന്നു ആ കുറിപ്പിലെ വരികൾ.
വർഷങ്ങൾക്കിപ്പുറം 50 രൂപയുടെ മൂല്യം 500 രൂപയായി നൽകിയ ആ അപരിചിതന്റെ സത്യസന്ധത മുഹമ്മദിനെ വികാരാധീനനാക്കി. മീൻ വിൽപ്പനയ്ക്കിടെ അനേകം പേരുമായി ഇടപെടുന്ന മുഹമ്മദിന് ആരാണ് ആ കുറിപ്പ് എഴുതിയതെന്നോ എപ്പോഴാണ് ആ സംഭവം നടന്നതെന്നോ ഓർമ്മയില്ല. എങ്കിലും, ഒരു തെറ്റ് തിരുത്താൻ വർഷങ്ങൾ കാത്തിരുന്ന ആ മനസ്സിനെ നാട്ടുകാർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
പണത്തിന്റെ കണക്കുകൾക്കപ്പുറം മനസ്സാക്ഷിയുടെ കണക്കുകൾക്ക് വില നൽകിയ ആ അപരിചിതന്റെ പ്രവൃത്തി, നന്മ വറ്റിയിട്ടില്ലാത്ത ലോകത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി മാറി. പണത്തേക്കാൾ ഉപരി സത്യസന്ധതയ്ക്ക് ഇപ്പോഴും മൂല്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

Comments
Post a Comment