പേരാമ്പ്രയിൽ മരമൊടിഞ്ഞുണ്ടായ അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങി
കോഴിക്കോട്: പേരാമ്പ്ര കൈതക്കലിൽ കഴിഞ്ഞ തിങ്കളാഴ്ച മരം കടപുഴകി വീണുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരണപ്പെട്ടു. ഉള്ള്യേരി പടിഞ്ഞാറെ കക്കട്ടിൽ സ്വദേശി ശശി (52) ആണ് ഇന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4:15-ഓടെ കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും സമീപത്തുള്ള വലിയ തണൽമരം ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീഴുകയായിരുന്നു. ഈ സമയം പേരാമ്പ്രയിൽ നിന്ന് ഉള്ള്യേരിയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഹരിദാസന്റെയും ശശിയുടെയും മുകളിലേക്കാണ് മരം പതിച്ചത്.
അപകടദിവസം തന്നെ സ്കൂട്ടർ ഓടിച്ചിരുന്ന തെരുവത്തുകടവ് ലക്ഷംവീട് ‘ഉന്നതി’യിൽ ഹരിദാസൻ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, വിദഗ്ധ ചികിത്സ ഫലിക്കാതെ ഇന്ന് മരണപ്പെടുകയായിരുന്നു.
മരണപ്പെട്ട ശശിയുടെ കുടുംബാംഗങ്ങൾ:
അച്ഛൻ: കോരപ്പൻ
അമ്മ: നാരായണി
ഭാര്യ: സതി
മക്കൾ: അശ്വതി, അനന്യ
മരുമക്കൾ: രാജേഷ്, നിജിൽ
ഒരേ അപകടത്തിൽ രണ്ട് പേരുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Comments
Post a Comment