ആറു വയസുള്ള കുട്ടി കിണറ്റിലേക്ക് വീണു; രക്ഷിക്കാൻ കൂടെ ചാടി അമ്മ, രക്ഷകനായി അയൽവാസി
ചാലക്കുടി: മേലൂർ കുന്നിൽ ആറുവയസ്സുകാരി കിണറ്റിൽ വീണതിനെത്തുടർന്ന് രക്ഷിക്കാൻ എടുത്തുചാടിയ അമ്മയെയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയെയും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. മേലൂർ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടിൽ സന്തോഷിന്റെ മകൾ അന്നയാണ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്.
വീടിനോട് ചേർന്നുള്ള കിണറ്റിൽ അബദ്ധത്തിൽ കാൽതെറ്റി കുഞ്ഞ് അന്ന വീഴുകയായിരുന്നു. മകൾ കിണറ്റിലേക്ക് വീണത് കണ്ട ഉടൻ തന്നെ അമ്മ സൈന കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി. സൈനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി ജോഷി, നിമിഷങ്ങൾക്കുള്ളിൽ തന്നെ കിണറ്റിലേക്ക് ഇറങ്ങി. ഇവർ രണ്ട് പേരെയും വെള്ളത്തിൽ താഴാതെ പിടിച്ചുനിർത്താൻ ജോഷി ശ്രമിച്ചുവെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് കയ്യിലുണ്ടായിരുന്ന കയറിൽ പിടിച്ചു കുഞ്ഞിനെയും അമ്മയെയും വെള്ളത്തിൽ താഴ്ന്നുപോകാതെ ജോഷി സുരക്ഷിതമായി പിടിച്ചുനിന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷാ സേനാ സംഘം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ. രമേശ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സനൽ ജ്യോതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ മോഹൻ കിണറ്റിലേക്ക് ഇറങ്ങുകയും നെറ്റ് ഉപയോഗിച്ച് കുഞ്ഞിനെയും അമ്മയെയും അയൽവാസി ജോഷിയെയും സുരക്ഷിതമായി മുകളിലേക്ക് എത്തിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനാ അംഗങ്ങളായ രതീഷ് പി.ആർ, ആദർശ് എസ്.എ, അരുൺ കെ, അഖിൽ ആർ. നായർ, അരുൺ വി.എൻ, സൂരജ് കുമാർ, വിൻസി ഡേവിസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്വന്തം ജീവൻ പോലും പണയം വെച്ച് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ അയൽവാസി ജോഷിയുടെയും, കൃത്യസമയത്ത് സ്ഥലത്തെത്തി സാഹസികമായി രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ചാലക്കുടി ഫയർ ഫോഴ്സ് സംഘത്തിന്റെയും പ്രവർത്തനം പ്രദേശവാസികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി.

Comments
Post a Comment