ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികയെ ബസ് സ്റ്റാൻഡിൽ തള്ളിയ നിലയിൽ

 


വർക്കല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികയെ വർക്കല മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉടുവസ്ത്രം പോലുമില്ലാത്ത അതീവ ദയനീയമായ നിലയിൽ കണ്ടെത്തി. ഇടവ വെറ്റക്കട സ്വദേശി ഹബീറത്തു ബീവി ആണ് വർക്കല ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ വർക്കല ബസ് സ്റ്റാൻഡിൽ ഒരു പുതപ്പ് മാത്രം പുതച്ച നിലയിൽ അവശയായി ഇരുന്ന വയോധികയെ നാട്ടുകാരും ബസ് ജീവനക്കാരുമാണ് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇവർ ഇടവ വെറ്റക്കട സ്വദേശിയാണെന്ന് മനസ്സിലാക്കുകയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയുമായിരുന്നു.

​ഇടവ വെറ്റക്കട കുഞ്ചാംപ്ളാകം സ്കൂളിന് സമീപം കുഞ്ഞിക്കാമിഴിയത്തു വീട്ടിൽ താമസക്കാരിയാണ് ഇവർ. ഒരു മകനും മകളും ഇവർക്കുണ്ട്. മുൻപ് കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന ഇവർ പിന്നീട് പഞ്ചായത്തിന്റെ സംരക്ഷണയിലായിരുന്നു താമസം. കാലിനേറ്റ മുറിവിനെത്തുടർന്ന് പാലിയേറ്റീവ് കെയറിലും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇവർ.

ദുരൂഹത ബാക്കി:

താൻ ജനറൽ ആശുപത്രിയിലായിരുന്നുവെന്നും ഒരു ഓട്ടോയിൽ ആരോ എത്തിച്ച് ഇവിടെ ഇറക്കിവിടുകയായിരുന്നുവെന്നുമാണ് വയോധിക നൽകിയ വിവരം. ഇവരുടെ കൈവശം 2600 രൂപയോളം ഉണ്ടായിരുന്നെങ്കിലും, ഓർമ്മക്കുറവ് മൂലം കാര്യങ്ങൾ വ്യക്തമായി പറയാൻ ഇവർക്ക് കഴിയുന്നില്ല. ജനറൽ ആശുപത്രിയിൽ നിന്ന് ഇവർ എങ്ങനെയോ ആണ് വർക്കലയിൽ എത്തിയതെന്നതിൽ വലിയ ദുരൂഹതയുണ്ട്.

​വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തുമെന്ന് ഇടവ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അറിയിച്ചു. ആശുപത്രിയിൽ നിന്ന് രോഗിയെ ആരെങ്കിലും മനഃപൂർവ്വം ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ട്. നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വയോധികയെ, തുടർചികിത്സയ്ക്കായി വർക്കലയിലെ ഒരു ചാരിറ്റി സംഘടന ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി