വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബറുടെ 'ഹോം ടൂർ' വീഡിയോ; പിന്നാലെ മോഷ്ടാക്കളെത്തി വീട് കൊള്ളയടിച്ചു
ഭോപ്പാൽ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യൂസിനും ലൈക്കുകൾക്കും വേണ്ടി സ്വന്തം വീടും ആഭരണങ്ങളും പണവുമൊക്കെ അമിതമായി പ്രദർശിപ്പിക്കുന്നവർക്ക് വലിയൊരു മുന്നറിയിപ്പായി മധ്യപ്രദേശിൽ നിന്നും ഒരു ഞെട്ടിക്കുന്ന ക്രൈം വാർത്ത. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള പ്രമുഖ യൂട്യൂബർ രചന ഗുർജറിനാണ് തന്റെ ആഡംബര ജീവിതത്തിന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വലിയൊരു തിരിച്ചടി നേരിടേണ്ടി വന്നത്.
താരം തന്റെ സ്വർണ്ണാഭരണങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിലാണ് മധ്യപ്രദേശിലെ ശിവ്‌പുരിയിലുള്ള ഇവരുടെ വീട് കൊള്ളയടിക്കപ്പെട്ടത്.
കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി; ആസൂത്രിത കവർച്ച
രചനയും കുടുംബവും വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു അതിക്രമം. അതീവ ആസൂത്രിതമായി എത്തിയ നാലംഗ മോഷ്ടാക്കൾ വീടിന്റെ മതിൽക്കെട്ടിലെ ഇരുമ്പ് കമ്പിവേലികൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അകത്തുകടന്നത്. കവർച്ചയ്ക്കിടയിൽ വീട്ടുകാർ ആരും പുറത്തിറങ്ങാതിരിക്കാൻ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു കൊള്ളസംഘം താഴത്തെ നിലയിൽ അഴിഞ്ഞാടിയത്.
വീട്ടിൽ സിസിടിവി ക്യാമറകൾ ഉണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ ഏറെ തന്ത്രപരമായാണ് നീങ്ങിയത്. ഒരു വടിയുപയോഗിച്ച് ക്യാമറകളുടെ ദിശ മുകളിലേക്ക് തിരിച്ചു വെച്ച ശേഷമാണ് ഇവർ അലമാരകൾ തല്ലിപ്പൊളിച്ചത്.
സ്വർണ്ണവും പണവും ഒപ്പം എനർജി ഡ്രിങ്കും കവർന്നു
ഏകദേശം 1.91 ലക്ഷം രൂപ റെഡി ക്യാഷും, സ്വർണ്ണ മാലയും വളകളും ഉൾപ്പെടെ 8 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുരാതന ആഭരണങ്ങളുമാണ് അലമാരകളിൽ നിന്ന് കവർന്നത്. ആഭരണങ്ങൾക്കും പണത്തിനും പുറമെ വീട്ടിലുണ്ടായിരുന്ന ഒരു പെട്ടി എനർജി ഡ്രിങ്ക് വരെ എടുത്തുകൊണ്ടാണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്.
സോഷ്യൽ മീഡിയ വഴി വീടിന്റെ ഉൾവശത്തിന്റെ ഘടനയും സമ്പാദ്യവും കൃത്യമായി മനസ്സിലാക്കി നടത്തിയ ഈ ആസൂത്രിത കൊള്ളയെക്കുറിച്ച് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ 'അമിത പ്രദർശനം' വിനയായി
യൂട്യൂബ് വീഡിയോകളിലൂടെയും റീൽസിലൂടെയും തന്റെ സമ്പാദ്യവും ആഭരണങ്ങളും നിരന്തരം പ്രദർശിപ്പിച്ചതാണ് മോഷ്ടാക്കൾക്ക് സഹായകരമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുൻപ് പങ്കുവെച്ച വീഡിയോയിൽ ആഭരണങ്ങൾ കൃത്യമായി കാണിച്ചിരുന്നു. ഇത് കണ്ടാണ് മോഷ്ടാക്കൾ വീടും പരിസരവും ലക്ഷ്യമിട്ടെത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
ഓൺലൈൻ ലോകത്ത് ലൈക്കുകൾക്കും വ്യൂസിനുമായി സ്വന്തം സ്വകാര്യതയും വ്യക്തിവിവരങ്ങളും സ്വത്തുക്കളും പരസ്യമായി പങ്കുവെക്കുമ്പോൾ പുലർത്തേണ്ട സുരക്ഷാ ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതാണ് ശിവ്‌പുരിയിലെ ഈ സംഭവം. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കവർച്ചാ സംഘത്തെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്

Comments
Post a Comment