അപകടം തലനാരിഴയ്ക്ക്: കൂത്താളി പഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണു; ജീവനക്കാരിക്ക് പരിക്ക്
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കെട്ടിടത്തിന്റെ മേൽക്കൂരയിലെ സ്ലാബ് അടർന്നുവീണ് വനിതാ ജീവനക്കാരിക്ക് പരിക്ക്. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ അസിസ്റ്റന്റായ ശ്വേതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സംഭവം.
രാവിലെ ഓഫീസിൽ എത്തി കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതിനിടെ, വലിയ ശബ്ദത്തോടെ മേൽക്കൂരയുടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ മേലേക്ക് പതിക്കുകയായിരുന്നു. സംഭവസമയം പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സഹപ്രവർത്തകരും ഓഫീസിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ ശ്വേതയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഏകദേശം 58 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് നിഗമനം. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയിരുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ജീവനക്കാരും പൊതുജനങ്ങളും രംഗത്തെത്തി.

Comments
Post a Comment