മാനവികതയുടെ മാതൃക; അപകടത്തിൽപ്പെട്ട യുവതിയുടെ മാനരക്ഷകനായ ഷാജിയെ ആദരിച്ച് എം.സി.ആർ ഗ്രൂപ്പ്
അപകടത്തിൽപ്പെട്ട് വസ്ത്രം കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ട് നൽകി മാതൃകയായ ഷാജി എന്ന വ്യക്തിയെ എം.സി.ആർ ടെക്സ്റ്റൈൽസ് ചെയർമാൻ എം.സി. റോബിൻ ആദരിച്ചു. മാനവികതയുടെ ഉദാത്തമായ മാതൃക കാണിച്ച ഷാജിയെ, എം.സി.ആർ ഗ്രൂപ്പ് അധികൃതർ ആദരിച്ചത്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ബസിനടിയിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പോയ നിലയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ മാനം കാക്കാൻ ഷാജി കാണിച്ച മനസ്സ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുസമൂഹത്തിന് തന്നെ വലിയൊരു പാഠമായി മാറിയ ഈ ഇടപെടലിനെ മുൻനിർത്തിയാണ് എം.സി.ആർ ടെക്സ്റ്റൈൽസ് ചെയർമാൻ എം.സി. റോബിൻ നേരിട്ടെത്തി അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചത്.
ആദരസൂചകമായി ഷാജിയെ പൊന്നാട അണിയിച്ച എം.സി. റോബിൻ, കമ്പനിയുടെ സ്നേഹാദരവ് അറിയിച്ചു. തുടർന്ന് എം.സി.ആർ ഗ്രൂപ്പിന്റെ വകയായി ഒരു ലക്ഷം രൂപയും സ്‌നേഹസമ്മാനമായി അദ്ദേഹത്തിന് കൈമാറി. വലിയൊരു ആപത്തിൽ പെട്ട വ്യക്തിക്ക് താങ്ങായി നിന്ന ഷാജിയുടെ പ്രവർത്തി നിസ്വാർത്ഥമാണെന്നും, അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ ആദരിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചെയർമാൻ എം.സി. റോബിൻ പറഞ്ഞു.
ജീവിതത്തിൽ പലപ്പോഴും നാം കാണാതെ പോകുന്ന ഇത്തരം ചെറിയ വലിയ ഇടപെടലുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും, ഷാജിയുടെ ഈ പ്രവൃത്തി ഏവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Comments
Post a Comment